നവകേരള സദസിനു ഫണ്ട് അനുവദിക്കൽ; പറവൂർ നഗരസഭാ സെക്രട്ടറിക്കു കാരണം കാണിക്കൽ നോട്ടീസ്
Thursday, November 30, 2023 1:15 AM IST
പറവൂർ: നവകേരള സദസിനു പണം അനുവദിച്ച സംഭവത്തിൽ സെക്രട്ടറി ജോ ഡേവിസിനു പറവൂർ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.
തുക അനുവദിക്കാൻ കോൺഗ്രസിനു ഭൂരിപക്ഷമുള്ള കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവകേരള സദസിനു തുക നൽകരുതെന്ന കെപിസിസി തീരുമാനം പറവൂരിൽ അട്ടിമറിക്കപ്പെട്ടപ്പോൾ, സ്വന്തം മണ്ഡലത്തിലെ വിവാദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തിപരമായും വളരെയധികം ക്ഷീണം ചെയ്തു.
പണം അനുവദിച്ച തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവും ഡിസിസി നേതൃത്വവും നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനും മറ്റ് ചുമതലക്കാർക്കും എതിരേ നടപടിയുടെ വാളോങ്ങിയതോടെ തുക നൽകാൻ അനുവാദം നൽകിയവർ മലക്കം മറിയുകയായിരുന്നു.
വാർഷിക പദ്ധതി ഭേദഗതിയിൽ ഉൾപ്പെടുത്തിയാണു തുക നൽകാൻ കൗൺസിൽ തീരുമാനമെടുത്തത്. സതീശന്റെ നിർദേശത്തിനു മുമ്പിൽ, ഭരണ നേതൃത്വം അടിയന്തര കൗൺസിൽ വിളിച്ചുചേർത്ത് പണം നൽകാൻ എടുത്ത തീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാൽ, ചട്ടം പ്രകാരം കൗൺസിൽ എടുത്ത തിരുമാനം പിൻവലിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയ സെക്രട്ടറി തുക നൽകി.
ഇതിനെതിരേ വി.ഡി. സതീശൻ നഗരസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. കൗൺസിൽ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ സെക്രട്ടറിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണു നോട്ടീസിലെ നിർദേശം. കൗൺസിലിന്റെ തീരുമാനമില്ലെങ്കിലും നവകേരള സദസിനു തുക അനുവദിക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കാട്ടിയുള്ള സർക്കാർ ഉത്തരവിനെതിരേ നഗരസഭാ ഭരണനേതൃത്വം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇത് കോടതി പരിഗണിക്കാനിരിക്കേയാണു തിരിച്ചടി ഭയന്ന് സെക്രട്ടറിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആറു മാസം മുമ്പാണു കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നേടി ജോ ഡേവിസ് ചുമതലയേറ്റത്.