ട്രെയിനുകളുടെ വേഗം 110 കിലോമീറ്ററാക്കണമെന്ന് എംപിമാർ
Saturday, February 24, 2024 12:52 AM IST
തിരുവനന്തപുരം: കൊല്ലം-പുനലൂർ പാത ഇരട്ടിപ്പിക്കലിന് അടുത്ത ബജറ്റിൽ പണം അനുവദിക്കണമെന്നും ആലപ്പുഴ-എറണാകുളം റെയിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കണമെന്നും എംപിമാരുടെ യോഗത്തിൽ ആവശ്യം.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച തിരുവനന്തപുരം ഡിവിഷനിലെ എംപി മാരുടെ യോഗത്തിലാണ് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കലും കൊല്ലം-പുനലൂർ പാത ഇരട്ടിപ്പിക്കൽ തുടങ്ങേണ്ടതിന്റെ ആവശ്യവും ഉന്നയിക്കപ്പെട്ടത്.
കൊല്ലം-ചെങ്കോട്ട പാത ബ്രോഡ്ഗേജായി മാറ്റിയിരുന്നു. ചെന്നൈ വഴി പുനലൂരിലേക്കും കൊല്ലത്തേക്കും കൂടുതൽ ട്രെയിനുകൾ എത്താൻ പാത ഇരട്ടിപ്പിക്കൽ പ്രവർത്തനം തുടങ്ങേണ്ടതുണ്ടെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ഇതിനായി തുക വകയിരുത്തണം. ആദ്യഘട്ടത്തിൽ കൊല്ലം-പുനലൂർ മേഖലയിലാകണം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കേണ്ടത്. കൊല്ലം, കൊട്ടാരക്കര, പുനലൂർ മേഖലകളുടെ വികസനത്തിന് കൂടുതൽ ട്രെയിനുകൾ എത്തുന്നതു ഗുണകരമാകും.എറണാകുളം- കൊല്ലം-വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് തുടങ്ങണം. വേളാങ്കണ്ണിയിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തുന്നത് ഭക്തർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കൊടിക്കുന്നിൽ സുരേഷ് നിർദേശിച്ചു. ഇക്കാര്യം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്താമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.
ട്രെയിനുകളുടെ വേഗം 110 കിലോമീറ്റാക്കി വർധിപ്പിക്കാൻ ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യവും ഉയർന്നു. ഇതിനായി വളവുകൾ നിവർത്തൽ, സിഗ്നൽ പരിഷ്കരിക്കണം തുടങ്ങിയ പ്രാഥമിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. കായംകുളം, മാവേലിക്കര, ഹരിപ്പാട്, അടൂർ, പത്തനംതിട്ട മേഖലകളിലുള്ളവർക്ക് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കുന്നതു പ്രയോജനം ചെയ്യും. നേമം ടെർമിനൽ പൂർത്തിയാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
സ്റ്റേഷനുകളുടെ വികസനം അടക്കമുള്ള പ്രാദേശിക വിഷയങ്ങളും എംപിമാർ ഉന്നയിച്ചു. നടന്നു വരുന്ന പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം നൽകുമെന്നും മറ്റുള്ള ആവശ്യങ്ങൾ റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ജനറൽ മാനേജർ ആർ.എൻ. സിംഗ് മറുപടി നൽകി.
എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, എ.എം. ആരിഫ്, തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, രമ്യഹരിദാസ്, എ.എ. റഹീം എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള എംപിമാരും തിരുവനന്തപുരത്തു നടന്ന യോഗത്തിനെത്തി.