കേരളത്തിന് അപമാനം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
Sunday, February 25, 2024 12:13 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ദേവാലയത്തിൽ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസം വരുത്തുന്ന തരത്തില്‍ ദേവാലയ പരിസരത്തും പള്ളിയങ്കണത്തിലും അനധികൃതമായി പ്രവേശിച്ച് ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്.
ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും നമ്മുടെ പൊതുസമൂഹം എപ്പോഴും പുലര്‍ത്തുന്ന അന്തസുറ്റ നിലപാടുകളെ പരിപൂര്‍ണമായി അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് അവിടെ നടന്നത്.
ഗവണ്മെന്റ് സത്വരമായി ഇക്കാര്യത്തില്‍ ഇടപെട്ട് കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തണം.
പൂഞ്ഞാര്‍ ഇടവകയും പാലാ രൂപതയും ഈ വിഷയത്തില്‍ പ്രകടിപ്പിച്ച വലിയ സംയമനത്തിന്റെയും പരസ്പര ബന്ധത്തിന്റെയും മാതൃകാപരമായ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബാവ കൂട്ടിച്ചേർത്തു.