തെരുവുനായയുടെ കടിയേറ്റവർക്ക് 39.39 ലക്ഷം രൂപ നഷ്ടപരിഹാരം
ബിനു ജോർജ്
Monday, February 26, 2024 3:06 AM IST
കോഴിക്കോട്: റിട്ട. സുപ്രീം കോടതി ജസ്റ്റീസ് സിരിജഗൻ അധ്യക്ഷനായ കമ്മിറ്റി തയാറാക്കിയ 40-ാമത്തെ റിപ്പോർട്ടിലെ ശിപാർശ പ്രകാരം, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 39,39,862 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകി.
ഇരകൾക്ക് ഒന്പത് ശതമാനം നിരക്കിൽ പലിശ നൽകണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് നഷ്ടപരിഹാരത്തുകയും പലിശയും സഹിതം വിതരണം ചെയ്യണമെന്ന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് തദ്ദേശ സ്വയംഭരണവകുപ്പ് കഴിഞ്ഞദിവസം നിർദേശം നൽകി. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര വിതരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ പഞ്ചായത്ത് വകുപ്പ് സെക്രട്ടറിയോടു നിർദേശിച്ചിട്ടുമുണ്ട്.
തെരുവുനായയുടെ ആക്രമണത്തിനിരയായ 32 പേർക്കായാണ് 39,39,862 രൂപ സർക്കാർ നൽകുക. 20,000 രൂപ മുതൽ മുകളിലാണ് നഷ്ടപരിഹാര തുകകൾ.
കേരളത്തിൽ തെരുവുനായ ആക്രമണം വർധിച്ചതിനെത്തുടർന്ന് സുപ്രീംകോടതി ഇടപെട്ടാണ് ഈ വിഷയത്തിൽ നടപടിക്കായി 2016 ഏപ്രിലിൽ ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയെ നിയോഗിച്ചത്. പരിക്കേറ്റവരുടെ പ്രായം, പരിക്കിന്റെ ആഴം, അതുമൂലം ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങൾ, അംഗവൈകല്യം സംഭവിക്കൽ, ശരീരഭാഗങ്ങൾ വികൃതമാകുക എന്നിവയെല്ലാം പരിഗണിച്ചാണ് സിരിജഗൻ കമ്മിറ്റി നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.
എല്ലാ വർഷവും ഒരു ലക്ഷത്തിലധികം ആളുകളെ തെരുവുനായ്ക്കൾ ഉപദ്രവിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, കമ്മിറ്റി ആരംഭിച്ച് എട്ടു വർഷത്തോളമായിട്ടും ഇതിന്റെ പകുതിയിൽ താഴെ അപേക്ഷകളേ ലഭിച്ചിട്ടുള്ളൂ. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെന്ന് പലർക്കും അറിയാത്തതാണ് കാരണം.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് കമ്മീഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. പരിക്കേൽക്കുന്ന വ്യക്തി അപേക്ഷ വെള്ളക്കടലാസിൽ തയാറാക്കി കൊച്ചി ഓഫീസിൽ എത്തിക്കുകയോ അല്ലെങ്കിൽ തപാലായി അയയ്ക്കുകയോ വേണം. ഒപി ടിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവയും ഒപ്പം സമർപ്പിക്കണം.
തെരുവുനായയുടെ ആക്രമണത്തിൽ ഇരുചക്രവാഹനത്തിൽനിന്നു വീഴുകയോ അല്ലെങ്കിൽ നായ കുറുകേ ചാടി അപകടം സംഭവിച്ച കേസോ ആണെങ്കിൽ അതുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടോ പോലീസിന്റെ രേഖകളോ നൽകണം. അവ ഇല്ലാത്ത സാഹചര്യത്തിൽ ഹിയറിംഗ് വേളയിൽ സാക്ഷിയെ ഹാജരാക്കാം. പരാതിക്കാരൻ ഒരു തവണയാണ് കമ്മിറ്റിക്ക് മുന്നിൽ ഹിയറിംഗിനായി ഹാജരാകേണ്ടത്. അഭിഭാഷകരില്ലാതെ നേരിട്ട് ഹാജരാകാം.