സിദ്ധാർഥന്റെ മരണം: ഒന്നാം പ്രതിയെ പാലക്കാട്ടുനിന്നു പിടികൂടി
Friday, March 1, 2024 3:19 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ ബിവിഎസ്സി ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ.
പാലക്കാട്, പട്ടാന്പി, ആമയൂർ കോട്ടയിൽ വീട്ടിൽ കെ. അഖിലിനെയാണു കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പാലക്കാട്ടുനിന്ന് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയും എസ്എഫ്ഐ നേതാവുമായ കെ. അരുൺ ഇന്നലെ രാത്രിയോടെ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. സംഭവത്തിൽ കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി (23), ഇടുക്കി സ്വദേശി എസ്. അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോണ്സ് ഡായ് (23), വയനാട്, ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
റാഗിംഗ്, തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നു മർദനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്കാണു വിദ്യാർഥികൾക്കെതിരേ കേസ്. കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്.
പ്രധാന പ്രതികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് സിദ്ധാർഥന്റെ പിതാവ്
നെടുമങ്ങാട്: സിദ്ധാർഥന്റെ മരണത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രതികളായ എസ്എഫ്ഐക്കാരെ സിപിഎം സംരക്ഷിക്കുകയാണെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്. തന്റെ മകൻ തൂങ്ങിമരിച്ചതല്ല. അവനെ എസ്എഫ്ഐക്കാർ മർദിച്ചു കൊന്നതാണ്. എസ്എഫ്ഐയിൽ ചേരാൻ മുതിർന്ന വിദ്യാർഥികൾ നിർബന്ധിക്കുമായിരുന്നു. എന്നാൽ, അവരുടെ നിർബന്ധത്തിന് അവൻ വഴങ്ങിയില്ല.
കോളജ് ഹോസ്റ്റലിൽ മയക്കുമരുന്ന്, മദ്യം എന്നിവ എസ്എഫ്ഐക്കാർ ഉപയോഗിക്കുന്നതിനെക്കുറിച്ചും മകൻ പറഞ്ഞിരുന്നെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.