വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
Saturday, March 2, 2024 12:54 AM IST
കൊച്ചി: വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നൽകി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വില 23.50 രൂപയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി.
തുടര്‍ച്ചയായി ഇതു രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നത് ആശ്വാസമായി.
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില വര്‍ധിക്കുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഇനിയും ഉയർന്നേക്കും.