വിവാദ എസ്ഐ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: വിവാദമായ സബ് ഇൻസ്പെക്ടർ ചുരുക്കപ്പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) (കാറ്റഗറി നന്പർ 672/2022, 673/2022) തസ്തികയിലേക്ക് ഇന്റർവ്യൂവിനു മുൻപുള്ള ചുരുക്കപ്പട്ടികയാണ് ഇന്നലെ പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
കായിക ക്ഷമതാ പരീക്ഷയിൽ ഹാജരാകാത്തവരും തോറ്റവരും ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത് വിവാദമായിരുന്നു. നൂറിലേറെ പേരാണ് ഇത്തരത്തിൽ അനർഹമായി പട്ടികയിൽ ഇടം പിടിച്ചത്.
തോറ്റവരും വിജയിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടത് ക്ലെറിക്കൽ പിഴവുകൊണ്ടാണെന്നായിരുന്നു പിഎസ്സിയുടെ വിശദീകരണം. കഴിഞ്ഞ 29ന് പിഴവുകൾ ഒഴിവാക്കിയ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി അറിയിച്ചിരുന്നെങ്കിലും ഇന്നലെയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഇത് സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവയും നൽകിയിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ തസ്തികയുടെ എല്ലാ കാറ്റഗറികളിലുമുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഈ മാസം പൂർത്തിയാക്കി അഭിമുഖം ഏപ്രിൽ മാസം നടത്തുമെന്നും പിഎസ്സി അറിയിച്ചു.
എസ്ഐ നിയമനത്തിനുള്ള മുൻ പട്ടികകളിലും ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. 2013ലെ കായിക ക്ഷമതാ പരീക്ഷാ നടത്തിപ്പിലും സംവരണ വെയിറ്റേജ് മാർക്ക് നൽകിയതിലും അപാകത ഉണ്ടെന്നാരോപിച്ച് അന്ന് പരീക്ഷ എഴുതിയ ഒരു ഉദ്യോഗാർഥി വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു.