ഗവർണർ തന്നെ കേട്ടില്ലെന്നു ശശീന്ദ്രനാഥ്
Sunday, March 3, 2024 1:58 AM IST
തൃശൂർ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണത്തിനുശേഷം പരാതി കിട്ടിയ കാര്യം വിസിക്കും രജിസ്ട്രാർക്കും അറിയില്ലെന്നു സസ്പൻഷനിലായ വിസി എം.ആർ. ശശീന്ദ്രനാഥ്. തന്റെ ടേബിളിൽ അത്തരത്തിലൊരു പരാതി വന്നിട്ടില്ല.
പെൺകുട്ടി വിസിക്കു പരാതി നൽകിയില്ല. ഡീനിനും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിൽ, തന്റെ മുന്നിൽ എത്തിയില്ല. പെൺകുട്ടിയുടെ പരാതിയടക്കം അസ്വാഭാവികമായി പലതും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ പുറത്തു പോരേണ്ടിവന്നതിൽ വിഷമമുണ്ട്. കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസുള്ളവരാണ്. ഇവരുടെ പിഎഫ്ഐ ബന്ധം അന്വേഷിക്കണം. ജുഡീഷൽ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ചാൻസലർക്കു സസ്പെൻഡ് ചെയ്യാനധികാരമുണ്ട്. പക്ഷേ, തന്നെ കേട്ടില്ല.
ഗവർണർ ചോദ്യം ചോദിച്ചിട്ടു സസ്പെൻഡ് ചെയ്യലായിരുന്നു മര്യാദ. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. ഗവർണറുടെ നടപടി പ്രതികാരനടപടിയല്ല. വിദ്യാർഥിസംഘടനയുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്കു കാരണം. സിദ്ധാർഥന്റെ വിഷയത്തിൽ ഭരണപരമായ വീഴ്ച ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവധി പൂർത്തിയാകാൻ എനിക്ക് അഞ്ചുമാസം മാത്രമേയുള്ളൂ. അതുകൊണ്ട് ചാൻസലറുടെ നടപടിയിൽ തുടർനിയമനടപടിക്കില്ല. പി.സി. ശശീന്ദ്രനു വിസിയുടെ ചുമതല നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ സിദ്ധാർഥന്റെ വീട്ടിൽ പോയിരുന്നു. അവർക്കു നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് വാർഡനെയും ഡീനെയും സസ്പെൻഡ് ചെയ്യാനുള്ള ഓർഡർ തയാറാക്കുമ്പോഴാണ് തന്നെ സസ്പെൻഡ് ചെയ്തത്.
അസിസ്റ്റന്റ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. സർവകലാശാലയ്ക്ക് ഏഴു കോളജുണ്ട്, അവിടെ വാർഡൻമാരും. ഹോസ്റ്റലിൽ കൃത്യമായ നിയന്ത്രണം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർഥന്റെ മരണം ആത്മഹത്യയാണ്. ഡീനും വിദ്യാർഥികളും വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. ഹോസ്റ്റലിൽ കുഴപ്പം ഉണ്ടെന്നു നേരത്തേ അറിയില്ലായിരുന്നു.