സിദ്ധാർഥന്റെ മരണം : വൈസ് ചാൻസലർക്ക് സസ്പെൻഷൻ
Sunday, March 3, 2024 1:58 AM IST
തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ ക്രൂര പീഡനത്തിനു പിന്നാലെയുള്ള ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
സർവകലാശാലയിൽ നടക്കുന്ന ഗുരുതര സംഭവ വികാസങ്ങളിൽ പോലും നിരുത്തരവാദിത്വപരമായ വൈസ് ചാൻസലറുടെ സമീപനമാണു കടുത്ത അച്ചടക്ക നടപടിയിലേക്കു നയിച്ചത്.
ഉത്തരവാദിത്വ രഹിതമായി പ്രവർത്തിക്കുന്ന വൈസ് ചാൻസലർമാർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ കടുത്ത മുന്നറിയിപ്പു കൂടിയാണിത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈസ് ചാൻസലറെ, ചാൻസലർ സസ്പെൻഡ് ചെയ്യുന്ന സംഭവമുണ്ടാകുന്നത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ സംഭവ വികാസങ്ങളും അന്വേഷിക്കുന്നതിനും വിസിയെ പുറത്താക്കുന്നതിനുമായി ജുഡീഷൽ അന്വേഷണവും ചാൻസലർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ആക്ട് 2010 ലെ സെക്ഷൻ 9 (9) അനുസരിച്ച് ഇത്തരമൊരു സംഭവമുണ്ടായാൽ സുപ്രീംകോടതിയിലേയോ ഹൈക്കോടതിയിലേയോ സിറ്റിംഗ് ജഡ്ജി അന്വേഷിച്ച ശേഷമാണ് വിസിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചാൻസലർ കത്തു നൽകി. ഇതോടെ അന്വേഷണ തീരുമാനത്തിൽ ഹൈക്കോടതിക്കും മുഖ്യപങ്കു വഹിക്കേണ്ട സാഹചര്യമുണ്ടായി.
വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ വിസിയുടെ ചുമതല മണ്ണുത്തി വെറ്ററിനറി സർവകലാശാല റിട്ടയേർഡ് പ്രഫസർ ഡോ. പി.സി. ശശീന്ദ്രന് നൽകി പിന്നീട് ചാൻസലർ ഉത്തരവിറക്കി.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്നതിനായി നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകാതിരുന്നതോടെ ചാൻസലർ എന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കൂടുതൽ ശക്തനായതിന്റെ സൂചന കൂടിയാണ് നടപടികളിലൂടെ വ്യക്തമാകുന്നത്.
അതേസമയം, ചാൻസലറുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന വിമർശനവുമായി മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി രംഗത്ത് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കേയാണ് വിസിക്കെതിരേ ഗവർണർ നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
സിദ്ധാർഥിന്റെ മരണം സംഭവിച്ചിട്ടും പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളിൽ അടക്കം ദുരൂഹസാഹചര്യങ്ങൾ നിർദേശിച്ചിട്ടും സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു നടപടി സ്വീകരിക്കുന്നതിലും സിദ്ധാർഥനു നേർക്കുണ്ടായ അതിക്രമങ്ങൾ തടയുന്നതിലും വീഴ്ച സംഭവിച്ചതായി ചാൻസലർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.