നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
Thursday, April 11, 2024 3:05 AM IST
തിരുവനന്തപുരം: മലയാളത്തിന് നിരവധി ക്ലാസിക് സിനിമകൾ സമ്മാനിച്ച പ്രശസ്ത നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
മൃതദേഹം ഇന്നു രാവിലെ 10ന് സ്വവസതിയായ വഴുതക്കാട് ആർടെക് മീനാക്ഷിയിലെത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ അയ്യങ്കാളി ഹാളിൽ പൊതുദർശനം. അവിടെനിന്നു വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിലെത്തിച്ച് സംസ്കാരം നടത്തും.
പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ഗാന്ധിമതി ബാലൻ 40 വർഷം മുന്പാണ് തിരുവനന്തപുരം പ്രവർത്തനമേഖല ആക്കിയത്. ആദ്യമായി നിർമിച്ചത് ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന ചലച്ചിത്രമാണ്. മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുന്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊന്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻകാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങിയ 30ൽപ്പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും അദ്ദേഹം നിർവഹിച്ചു.
2015 നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 63-ാംവയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കന്പനി സ്ഥാപിച്ചു.
ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ, ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിംഗ് പാർട്ണർ, മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിംഗ് ആൻഡ് എക്സ്പോർട്സ്), അൽക്ക നാരായണ് (ഗ്രാഫിക് ഡിസൈനർ).