ബോംബ് നിർമാണം വടകരയിൽ ശൈലജയുടെ വിജയപ്രതീക്ഷ നഷ്ടമായതിനെ തുടർന്ന്: എം.എം. ഹസൻ
Saturday, April 13, 2024 1:21 AM IST
തിരുവനന്തപുരം: വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി ഷാഫി പറന്പിൽ വന്നതിനെ തുടർന്ന് എൽഡിഎഫിനും കെ.കെ. ശൈലജയ്ക്കും വിജയപ്രതീക്ഷ നഷ്ടമായതിനാലാണ് ബോംബ് നിർമാണവും സ്ഫോടനവും നടക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. കെ. മുരളീധരൻ സ്ഥാനാർഥിയായിരുന്നപ്പോൾ കെ.കെ. ഷൈലജയ്ക്കു വിജയപ്രതീക്ഷയുണ്ടായിരുന്നുതായും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു ഹസൻ മറുപടി നൽകി.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോകാത്തതു തോൽവി ഭയന്നല്ല. സ്ഥാനാർഥി മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോയാൽ കണ്ണൂരിൽ പ്രചാരണം ആരു നയിക്കും. കണ്ണൂരിൽ കെ. സുധാകരന്റെ വിജയം സുനിശ്ചിതമാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഹസൻ പറഞ്ഞു.
എ.കെ. ആന്റണിയുടെ മകൻ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരേ വി.എസ്. അച്യുതാനന്ദന്റെ മാനസപുത്രനായ ദല്ലാൾ നന്ദകുമാർ ആരോപണം ഉന്നയിച്ചത് പത്തനംതിട്ടയിൽ ഇടതു സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനായാണ്. ആരോപണം കോണ്‍ഗ്രസിലേക്കു കൊണ്ടുവന്നു കോണ്‍ഗ്രസിനെ തകർക്കാനാണു ലക്ഷ്യം.
ഇക്കാര്യത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ മറുപടി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പി.ജെ. കുര്യൻ പറയുന്നതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കാനും ഹസൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. സിപിഎം പറയുന്നതു പോലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക എഴുതാൻ ഞങ്ങൾക്കു മനസില്ല.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ മനുഷ്യത്വത്തിന്റെ പേരിലാണ് പോയതെന്നു പിണറായി വിജയൻ പറയുന്നതെങ്കിൽ എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ വീട് എന്തുകൊണ്ട് സന്ദർശിച്ചില്ല. ക്രൂരനായ മുഖ്യമന്ത്രിയിൽനിന്ന് മനുഷ്യത്വപരമായ സമീപനം ആരും പ്രതീക്ഷിക്കുന്നില്ലെന്നും ഹസൻ പറഞ്ഞു.