കാമ്പസുകളിലെ ആഘോഷം: മാര്‍ഗരേഖ ഹൈക്കോടതിയിൽ സമര്‍പ്പിച്ചു
Saturday, April 13, 2024 1:52 AM IST
കൊച്ചി: വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
വിദ്യാര്‍ഥി യൂണിയന് നടത്തുന്ന പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പരിപാടി നടക്കുന്നതിന് അഞ്ചു ദിവസം മുമ്പെങ്കിലും സ്റ്റാഫ് അഡ്വൈസര്‍ മുഖേനയാണ് അനുമതി വാങ്ങേണ്ടത്. പരിപാടിയുടെ വിശദാംശങ്ങള്‍, പങ്കെടുക്കുന്ന അതിഥികള്‍, വരവും ചെലവും അടക്കമുള്ള കാര്യങ്ങള്‍ എന്നിവ അറിയിച്ചിരിക്കണം.
കോളജിലെ ഡിസിപ്ലിന്‍ കമ്മിറ്റി പരിപാടികള്‍ നിരീക്ഷിക്കണം. സ്ഥാപന മേധാവി അധ്യക്ഷനായ കമ്മിറ്റി വിദ്യാര്‍ഥി യൂണിയന് പരിപാടികള്‍ നിയന്ത്രിക്കണം. എല്ലാ വിദ്യാര്‍ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
പ്രവൃത്തിദിനങ്ങളില്‍ കോളജ് യൂണിയന് ഓഫീസ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയും പരിപാടികള്‍ ഉള്ള ദിവസം സ്ഥാപന മേധാവിയുടെ അനുമതിയോടെ രാത്രി ഒമ്പതു വരെയും പ്രവര്‍ത്തിക്കാം. അവധിക്കാലത്ത് യൂണിയന് ഓഫീസിന്റെ താക്കോല്‍ സ്ഥാപന മേധാവി സൂക്ഷിക്കണം.
ആഴ്ചയിലൊരിക്കല്‍ സ്ഥാപന മേധാവിയുടെ നേതൃത്വത്തില്‍ യൂണിയന് ഓഫീസില്‍ പരിശോധന നടത്തണം. സര്‍വകലാശാലകളും കോളജുകളും കൂടുതല്‍ പേര് പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ റിസ്ക് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണം. തുറന്ന സ്ഥലങ്ങളിലും ഓഡിറ്റോറിയങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അകത്തു കടക്കാനും പുറത്തിറങ്ങാനും പ്രത്യേകം വാതില്‍ ഉണ്ടായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലയില്‍ മൂന്നു വിദ്യാര്‍ഥികൾ ഉൾപ്പെടെ നാലു പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ തയാറാക്കിയത്.