കാസർഗോഡ് എല്‍ഡിഎഫിനു പുലിവാലായി വിവാദ പ്രചാരണ വീഡിയോ
Thursday, April 18, 2024 1:54 AM IST
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. കോണ്‍ഗ്രസിന്റേതിനു സമാനമായ ഷാള്‍ അണിഞ്ഞ സ്ഥാനാര്‍ഥി എവിടെയാണ് ഇന്നത്തെ ആദ്യ സ്വീകരണപരിപാടിയെന്നു ചോദിക്കുമ്പോള്‍, തളങ്കരയില്‍ ആണെന്ന് ഒപ്പമുള്ളയാള്‍ മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
അപ്പോള്‍ത്തന്നെ സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചുകളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണു വീഡിയോയില്‍ ഉള്ളത്.
കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്, സിപിഎം ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ എന്നിവരുടെ ഫേസ്ബുക്ക് പേജുകളില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു.
ഒമ്പതു മണിക്കൂറോളം ഇവരുടെ പേജിലുണ്ടായിരുന്ന വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു. സമൂഹമാധ്യമ അക്കൗണ്ട് ഉപയോഗിക്കുന്നത് നേതാക്കള്‍ നേരിട്ടല്ലെന്നും ആരോ അറിവില്ലാതെ അപ്ലോഡ് ചെയ്ത വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നീക്കം ചെയ്തിട്ടുണ്ടെന്നുമാണു നേതാക്കളുടെ വിശദീകരണം.
വീഡിയോക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റുമായ പി.കെ. ഫൈസല്‍ പറഞ്ഞു.
തളങ്കരയുടെ ഉള്ളടക്കം വര്‍ഗീയതയുടേതല്ല, അത് മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റേതുമാണെന്നും ഭൂരിപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് തട്ടാമെന്ന വ്യാമോഹമാണു സിപിഎമ്മിനെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന് പറഞ്ഞു.
ഇതു രണ്ടാംതവണയാണ് കാസര്‍ഗോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മതവുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ പേരില്‍ പുലിവാല് പിടിക്കുന്നത്. നേരത്തേ ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇറക്കിയ കാര്‍ഡില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തെ ചന്ദ്രക്കലയും നക്ഷത്രവുമായി ചേര്‍ത്തുവച്ചതും വിവാദമായിരുന്നു.