മലപ്പുറത്ത് അടിയൊഴുക്കുകളില്ല
Thursday, April 18, 2024 1:55 AM IST
വി. മനോജ്
മലപ്പുറം: മണ്ഡലത്തെ ചുറ്റിവരിഞ്ഞു കിടക്കുന്ന കടലുണ്ടിപ്പുഴ കടുത്ത വേനല്‍ ചൂടില്‍ വരണ്ടു തുടങ്ങിയിരിക്കുന്നു. കരയിലും രാഷ്ട്രീയ മാറ്റത്തിന്റെ അടിയൊഴുക്കുകളൊന്നും കാണുന്നില്ല.
മുസ്ലിം ലീഗിന്റെ ശക്തിയിലൂടെ യുഡിഎഫ് കുത്തക നിലനിര്‍ത്തിപ്പോരുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഇക്കുറിയും ലീഗിന് ആശങ്കയുടെ നിഴലുകളൊന്നും കാണുന്നില്ല. എന്നിരുന്നാലും, ഇടതുപക്ഷം ആയുധം വച്ച് കീഴടങ്ങാന്‍ ഒരുക്കവുമല്ല. വിജയത്തിലേക്കു താണ്ടാനുള്ളത് വോട്ടുകളുടെ വന്മലയാണെങ്കിലും ചവിട്ടി മുന്നേറാനാകുമോ എന്ന് ഇടതുമുന്നണി പരമാവധി നോക്കുന്നുണ്ട്.
യുഡിഎഫിനായി മുസ്ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീറും എല്‍ഡിഎഫിനായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും എന്‍ഡിഎക്കായി കാലിക്കട്ട് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാമുമാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
സംസ്ഥാനത്തുതന്നെ സ്ഥാനാര്‍ഥികളില്‍ പ്രായംകൊണ്ടു മുന്നിലുള്ള ഇ.ടി. മുഹമ്മദ് ബഷീറിനെ നേരിടാന്‍ യുവപോരാളിയായ വസീഫിനെ ഇടതുപക്ഷം രംഗത്തിറക്കിയത് മണ്ഡലത്തിലെ യുവ വോട്ടര്‍മാരുടെ പിന്തുണ ഉന്നംവച്ചാണ്.
മുസ്ലിം ലീഗ് ഒറ്റയ്ക്കുനിന്നാലും മലപ്പുറത്ത് അവര്‍ ജയിക്കുമെന്നു വേണമെങ്കില്‍ പറയാം. നേരത്തേ മഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഇവിടെ ഒരിക്കല്‍ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായിട്ടുള്ളത്. 2004ല്‍ ടി.കെ. ഹംസയിലൂടെ ഇടതുമുന്നണി ആദ്യമായും അവസാനമായും ഇവിടെ വിജയിച്ചു. പിന്നീട് മണ്ഡല പുനര്‍നിര്‍ണയം നടന്നതോടെ പേര് മലപ്പുറമെന്നായി മാറി. അതിനുശേഷവും വിജയം യുഡിഎഫിനുതന്നെ.
പ്രചാരണത്തിൽ ന്യൂനപക്ഷ വിഷയങ്ങള്‍ തന്നെ
മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള മുസ്ലിം വോട്ടുകളില്തന്നെയാണ് എല്ലാവരുടെയും കണ്ണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഷയങ്ങള്‍ തന്നെയാണു പ്രധാന പ്രചാരണ ആയുധം. ദേശീയതലത്തില്‍ ഏറെ വിവാദമായ പൗരത്വ ഭേദഗതി നിയമവും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയുമെല്ലാം യുഡിഎഫും എല്‍ഡിഎഫും വോട്ട് പിടിക്കാന്‍ ഉപയോഗിക്കുന്നു.
എതിര്‍പ്പുകള്‍ മുന്നില്‍ കണ്ടുതന്നെ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാണു ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടു വര്‍ഷം മുമ്പ് മലപ്പുറം മണ്ഡലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.
നിയമസഭയിലേക്കു മത്സരിക്കാനായി ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ചതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ എം.പി. അബ്ദുസമദ് സമദാനി വിജയിച്ചത് 1.14 ലക്ഷം വോട്ടുകള്‍ക്കാണ്. അന്നത്തെ ഭൂരിപക്ഷം മറികടക്കാനാണു യുഡിഎഫ് ഇത്തവണ ശ്രമിക്കുന്നത്.
ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും നടത്തുന്ന ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ വോട്ടുപിടിത്തം. ബിജെപിയുടെ വര്‍ഗീയ അജൻഡകളില്നിന്നു മുസ്ലിംകളെ സംരക്ഷിക്കുന്നതു പിണറായി സര്‍ക്കാരാണെന്ന് അവര്‍ ഉറക്കപ്പറയുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. മണ്ഡലത്തില്‍ മുസ്ലിംകൾക്കിടയിലെ പ്രബലരായ സുന്നി വിഭാഗങ്ങളുടെ വോട്ടുകള്‍ നേടാനാകുമോ എന്നാണ് എല്‍ഡിഎഫ് പ്രധാനായും നോക്കുന്നത്.
പൗരത്വ പ്രശ്നത്തില്‍ സുന്നി വിഭാഗങ്ങളുടെ പിന്തുണ ഇടതിനുണ്ടെന്ന് അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലീഗിന്റെ പ്രധാന ശക്തിയായ സുന്നി ഇകെ വിഭാഗത്തിന്റെ വോട്ടുകള്‍ ചോര്‍ത്താനുള്ള ശ്രമമാണ് ഇടതുമുന്നണി പ്രധാനമായും നടത്തുന്നത്. എപി വിഭാഗത്തിന്റെ വലിയ പിന്തുണ അവര്‍ക്കുണ്ടെന്നും വിശ്വസിക്കുന്നു.
സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണ
മുസ്ലിം ലീഗ് ആകട്ടെ പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു. വിവിധ മുസ്ലിം സംഘടനകളുടെ പിന്തുണ യുഡിഎഫിന് മലപ്പുറത്ത് ഗുണം ചെയ്തേക്കും. ലീഗും ഇകെ വിഭാഗം സമസ്തയും തമ്മില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം ലീഗിനെ കുഴക്കുന്നുണ്ട്.
അതേസമയം, ന്യൂനപക്ഷ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന ഇ.ടി. മുഹമ്മദ് ബഷീറിന് മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ കൂടുതല്‍ ലഭിച്ചേക്കും. പ്രചാരണ രംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. വസീഫിനു കഴിഞ്ഞിട്ടുണ്ട്. യുവവോട്ടര്‍മാരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും എതിരാളികളുടെ പാളയത്തില്‍ വിള്ളലുണ്ടാകുമെന്ന കണക്കൂകൂട്ടലുമാണ് ഇടതുപക്ഷത്തെ മുന്നോട്ടു നയിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ടുകള്‍ നേടിയ എസ്ഡിപിഎ ഇത്തവണ മത്സരരംഗത്തില്ല. അവര്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് തിരിച്ചടിയാകും. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി എ.പി. അബ്ദുള്ളക്കുട്ടി മത്സരിച്ചെങ്കിലും 68,935 വോട്ടാണ് എന്‍ഡിഎയ്ക്കു ലഭിച്ചത്.