കോൺഗ്രസിനും രാഹുലിനുമെതിരേയുള്ള പിണറായിയുടെ ആക്ഷേപം ബിജെപിയെ പ്രീതിപ്പെടുത്താൻ: സതീശൻ
Thursday, April 18, 2024 1:55 AM IST
പാനൂര്‍: മോദിക്കും സംഘപരിവാറിനും എതിരേ ഒന്നും പറയാതെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരേ മുഖ്യമന്ത്രി പിണറായി വിജയന് നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണെന്നും ഇത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രധാനമന്ത്രിക്കു മറുപടി നല്കിയപ്പോള്പോലും ശ്രദ്ധയോടുകൂടിയുള്ള വിനീതഭാവത്തിലായിരുന്നു മുഖ്യമന്ത്രി.
ഞങ്ങള്‍ രണ്ടു പേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ സംസാരിക്കുന്നത്. ഇവര്‍ രണ്ടു പേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കു നന്നായി അറിയാമെന്നും സതീശൻ പറഞ്ഞു.
പാനൂരില്‍ ബോംബ് പൊട്ടിയതില്‍ ക്ഷീണിച്ചിരിക്കുകയാണു സിപിഎം. ആരെ കൊല്ലാനാണ് ബോംബ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനു സിപിഎം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
ആര്‍എസ്എസുമായി സന്ധി ചെയ്തു കൊണ്ട് യുഡിഎഫുകാരെ കൊല്ലാനാണു ബേംബുണ്ടാക്കിയത്. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സിപിഎമ്മും സ്ഥാനാർഥിയും ഇറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ മാസം 25ന് മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും എസ്പിക്കും എല്‍ഡിഎഫ് ഇതേ പരാതി നല്‍കിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ് ? സ്ത്രീകളെയോ എതിര് സ്ഥാനാര്‍ഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സിപിഎമ്മാണ് ചെയ്യുന്നത്.
വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണു നടപടി എടുക്കാത്തതെന്നു മുഖ്യമന്ത്രിയോടാണു ചോദിക്കേണ്ടത്.
ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരേ യുഡിഎഫ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയില്‍ പുതിയ സാധനവുമായി ഇറങ്ങിയിരിക്കുയാണ്. ഇതൊന്നും ഇവിടെ ഓടില്ല. പരാതി നല്‍കിയിട്ടും പൂഴ്ത്തിവച്ച പിണറായി വിജയനാണ് ഒന്നാം പ്രതി.
പരാതി എവിടെയാണ് പൂഴ്ത്തിവച്ചതെന്നതിനുള്ള മറുപടി പിണറായി വിജയനാണ് പറയേണ്ടത്. തെരഞ്ഞെടുപ്പിന്റെ അവസാനത്തെ ആഴ്ച കത്തിക്കാന്‍ കാത്തിരുന്നതാണെങ്കില്‍ നിങ്ങള്‍തന്നെ പെട്ടുപോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.