ഒരു കുട്ടിയുമായി ക്ലാസ് നടത്തേണ്ട; അധ്യാപക തസ്തികയും തരില്ല
Friday, April 19, 2024 1:10 AM IST
ബിജു കുര്യൻ
പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒരു കുട്ടിക്കു മാത്രമായി ക്ലാസുകൾ നടത്തേണ്ടതില്ലെന്ന് നിർദേശം. ഇതു സംബന്ധമായ നിർദേശം ഡിഡിഇമാർക്ക് നൽകി.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെകൂടി ഇടപെടലിന്റെ വെളിച്ചത്തിലാണ് തീരുമാനം. നിരവധി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒരു കുട്ടിക്കു മാത്രമായി ക്ലാസുകൾ നിലനിർത്തിവന്നിരുന്നു. ചില പ്രൈമറി സ്കൂളുകളുടെനിലനില്പുതന്നെ ഈ ഒരു കുട്ടിയെ ആശ്രയിച്ചായിരുന്നു. ഇത്തരം സ്കൂളുകൾ പ്രവർത്തനം തുടരേണ്ടതില്ലെന്ന നിലപാടിലേക്കാണ് സർക്കാർ എത്തുന്നത്.
ഒരു കുട്ടി മാത്രമായി ഒരു സ്കൂളിൽ പഠിക്കാനെത്തുന്പോഴത്തെ മാനസികാവസ്ഥ പരിഗണിച്ചാണ് വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടത്. ഒരു കുട്ടി മാത്രമുള്ള ക്ലാസുകളിൽനിന്ന് ആ കുട്ടിയെ സമീപ സ്കൂളിലേക്ക് ടിസി നൽകി അയയ്ക്കണമെന്നാണ് നിർദേശം. ഇത്തരത്തിൽ ഒരു കുട്ടിയ പഠിപ്പിക്കാനായി അധ്യാപക തസ്തിക അടുത്ത അധ്യയനവർഷം നൽകില്ലെന്നും പൊതുവിദ്യാഭ്യസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് അൺ ഇക്കണോമിക് വിഭാഗത്തിൽപെട്ട സ്കൂളുകളിൽ സ്ഥിരനിയമനം നൽകുന്നില്ല. പകരം ക്ലാസുകളുടെ എണ്ണം അടിസ്ഥാനമാക്കി താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുവദിച്ചിരുന്നു.
ഇനി മുതൽ ഇത്തരത്തിൽ ദിവസ വേതനക്കാരെ നിയമിക്കുന്നതിലും നിയന്ത്രണം വരും. പൊതുവിദ്യാലയങ്ങളിൽ ഒരു ക്ലാസിൽ 15 കുട്ടികളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആ സ്കൂളിനെ ആദായകരമായ പട്ടിക (ഇക്കണോമിക്)യിൽ പെടുത്താറുള്ളൂ.
അത്തരം സ്കൂളുകളിലേസ്ഥിരനിയമനം നൽകാറുള്ളൂ. കുട്ടികൾ കുറവായ സ്കൂളുകൾ നിലനിന്നു പോരുന്നതിലേക്കാണ് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയിരുന്നത്. മുന്പ് അതേ സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ അംഗീകരിച്ചു നൽകിയിട്ടുള്ള തസ്തികയ്ക്ക് താത്കാലിക നിയമനം അനുവദിച്ചിരുന്നു.
എന്നാൽ ഒരു കുട്ടി മാത്രമേ ഒരു ക്ലാസിൽ ഉള്ളൂവെങ്കിൽ അത്തരം ക്ലാസുകൾ ഇനി വേണ്ടെന്ന തീരുമാനം വന്നതോടെ അധ്യാപക തസ്തികകളും വെട്ടിക്കുറയ്ക്കും. അനാദായകരമായി നിലവിൽ നടന്നുപോകുന്ന പല സ്കൂളുകളും ക്രമേണ നിർത്തലാക്കുന്നതിനു മുന്നോടിയായാണ് ഈ തീരുമാനങ്ങളെന്നു പറയുന്നു.