വിദേശജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതി അറസ്റ്റില്‍
Friday, April 19, 2024 1:10 AM IST
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു മുന്നൂറിലധികം യുവാക്കളില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കോലാനി സ്വദേശി കണ്ണന് എന്ന ജെയ്സണ്‍(40) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
2018ല്‍ പ്രതിയും ഭാര്യ ജെന്‍സി ദേവസിയും ചേര്‍ന്ന് തൊടുപുഴയിലും പിന്നീട് 2021ല്‍ പാലാരിവട്ടം തമ്മനം ഭാഗത്തും ആരംഭിച്ച കണ്ണന് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലടക്കം നല്കി കാനഡ, ഓസ്ട്രേലിയ, അര്‍മീനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയും വീസയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നാലു ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് കാണിച്ച് കരാറെഴുതിയശേഷം പ്രതികള്‍ അഡ്വാന്‍സ് തുകയായി ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ വാങ്ങിയെടുത്തു. തുടർന്ന് വ്യാജമായി ഉണ്ടാക്കിയെടുത്ത വിവിധ ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വീസയാണെന്നു കാണിച്ച് ഉദ്യോഗാര്‍ഥികളുടെ ഇ-മെയിലിലേക്ക് അയച്ച് വിശ്വസിപ്പിച്ചശേഷം ബാക്കി തുക വാങ്ങി വീസ കാന്‍സലായി എന്നും മറ്റും പറഞ്ഞ് വഞ്ചിക്കുകയായിരുന്നു.
അടുത്തിടെ പാലാരിവട്ടം പോലീസ് മറ്റൊരു സമാന കേസിന്റെ അന്വേഷണത്തിനിടയില്‍ ഡൽഹിയിയില്നിന്നും ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ പ്രതി ഡല്‍ഹിയിലും പിന്നീട് വ്യാജ വിലാസത്തില്‍ എടുത്ത മറ്റൊരു പാസ്പോര്‍ട്ടുമായി വിദേശത്തും ഒളിവില്‍ കഴിഞ്ഞു. നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ച പാലാരിവട്ടം പോലീസ് ഇയാളെ തൊടുപുഴയില്‍നിന്ന് പിടികൂടുകയായിരുന്നു.
വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് അംഗം ആണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് തൊടുപുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇയാള്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയുടെ പരാതിയിലും കോഴിക്കോട് സ്വദേശിയുടെ പരാതിയിലും പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
പ്രതിക്കെതിരേ ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.