പാനൂർ സ്ഫോടനം: മൂന്നു പേർകൂടി അറസ്റ്റിൽ
Friday, April 19, 2024 3:59 AM IST
തലശേരി: പാനൂർ മുളിയാത്തോട് ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർകൂടി അറസ്റ്റിൽ.
കിഴക്കെ കതിരൂരിലെ രജിലേഷ് (43), ചുണ്ടങ്ങാപ്പൊയിൽ ജിജോഷ് (38), വടകര മടപ്പള്ളി കൂളിബസാർ സ്വദേശി ബാബു കേളോത്ത് (45) എന്നിവരെയാണു പാനൂർ സിഐ കെ. പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നു കിലോ വെടിമരുന്നും ഇവരിൽനിന്നു പിടികൂടി. വെടിമരുന്നു കണ്ടെത്തിയ സംഭവത്തിൽ ചോമ്പാല പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോംബ് നിർമാണത്തിന് ഉപയോഗിച്ച വെടിമരുന്ന് എത്തിച്ചത് സജിലേഷ് ഉൾപ്പെട്ട സംഘമാണെന്നു ചോദ്യംചെയ്യലിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഏപ്രിൽ ആറിനു പുലർച്ചെയാണു മുളിയാത്തോട് സ്ഫോടനം നടന്നത്. നിലവിൽ ഒൻപത് സിപിഎം പ്രവർത്തകർ കേസിൽ റിമാൻഡിലാണ്. റിമാൻഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതിനിടെയാണ് മൂന്നു പേർകൂടി അറസ്റ്റിലായിട്ടുള്ളത്.