ഐലൻഡ് എക്സ്പ്രസില്‍ ടിടിഇക്കു നേരേ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
Friday, May 17, 2024 2:06 AM IST
കൊച്ചി: ട്രെയിനിലെ ടിക്കറ്റ് പരിശോധകരായ ടിടിഇമാര്‍ക്കു നേരേ വീണ്ടും ആക്രമണം. ഐലൻഡ് എക്സ്പ്രസില്‍ ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ ടിടിഇമാരായ ഉത്തര്‍പ്രദേശ് സ്വദേശി മനോജ്കുമാര്‍ വര്‍മ, തിരുവനന്തപുരം സ്വദേശി ഷമി രാജ് എന്നിവർക്കാണ് യാത്രക്കാരായ യുവാക്കളില്‍നിന്ന് ആക്രമണം നേരിടേണ്ടിവന്നത്.
ടിടിഇമാരുടെ പരാതിയില്‍ കൊല്ലം സ്വദേശി അശ്വിന് (20), പൊന്നാനി സ്വദേശി ആഷിഖ് (28) എന്നിവര്‍ക്കെതിരേ എറണാകുളം റെയിൽവേ പോലീസ് കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ 5.30ന് ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എസ്- വണ്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മനോജ് യുവാക്കളോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ആഷിഖിന്റെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും അത് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യാനുള്ളതായിരുന്നു. ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നും ജനറല്‍ കോച്ചില്‍ യാത്ര തുടര്ന്നുകൊള്ളാമെന്നും പറഞ്ഞ് ആഷിഖ് അടുത്ത കോച്ചിലേക്കു പോയി.
ഇതിനുശേഷമാണ് അശ്വിനില്‍നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടത്. അശ്വിന്റെ പക്കല്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. കൈയില്‍ പണമില്ലെന്നും ഗൂഗിള്‍പേ വഴി ഫൈന്‍ അടയ്ക്കാമെന്നും സമ്മതിച്ച അശ്വിന്, പേരും അഡ്രസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ വടക്കാഞ്ചേരി സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തുന്നതു കണ്ട് മനോജിനെ തള്ളിയിട്ട് പുറത്തേക്ക് ഓടി. ഈ സമയം എസി കോച്ചിലായിരുന്ന ഷമി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോള്‍ ഓടിവരുന്ന അശ്വിനെ പന്തികേട് തോന്നി പിടിച്ചു നിര്‍ത്തി. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഷമിയേയും അശ്വിന് പിന്നിലേക്കു തള്ളിമാറ്റി ഓടി മറ്റൊരു കോച്ചില്‍ കയറി.
ആര്‍പിഎഫിന്റെ സഹായത്തോടെ ജനറല്‍ കോച്ചില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ എന്ജിനോടുചേര്ന്നുള്ള ജനറല്‍ കോച്ചിലുണ്ടായിരുന്ന ആഷിഖിനെ കണ്ടെത്തി ചോദ്യം ചെയ്തു.
ആദ്യം അശ്വിനെ അറിയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് ഇരുവരും സുഹൃത്തുക്കളാണെന്ന് സമ്മതിച്ചു. ഇരുവരും ആദ്യം യാത്ര ചെയ്തിരുന്ന സ്ലീപ്പര്‍ കോച്ചിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ആഷിഖിന്റെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തു. തുടര്‍ന്ന് ആഷിഖ് വഴി അശ്വിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ചുവരുത്തി എറണാകുളത്തെത്തിച്ച് റെയിൽവേ പോലീസിന് കൈമാറി.
ഡ്യൂട്ടി തടസപ്പെടുത്തിയതിനും ടിടിഇമാരെ കൈയേറ്റം ചെയ്തതിനുമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡ്യൂട്ടി തടസപ്പെടുത്തുന്നതുള്പ്പടെ ഗുരുതര കുറ്റകൃത്യം നടത്തിയിട്ടും പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരേ ടിടിഇമാരുടെ സംഘടന രംഗത്തെത്തി.
ടിടിഇമാര്ക്കെതിരേ എന്തു ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ഇതുവഴി നല്‍കപ്പെടുന്നതെന്നും തങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടവരുത്തുകയേയുള്ളൂവെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.