വകുപ്പുതല നടപടികള്‍ തീരാതെ വിരമിക്കൽ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകില്ല: ഹൈക്കോടതി
Friday, May 17, 2024 2:06 AM IST
കൊച്ചി: അഖിലേന്ത്യാ സര്‍വീസില്‍നിന്നു വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷല്‍ നടപടികളും അവസാനിക്കുംവരെ പൂര്‍ണ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.
വിരമിച്ചതിനുശേഷവും നടപടിക്രമങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ ഡിസിആര്‍ജി വിതരണവും പെന്ഷന് കമ്മ്യൂട്ടേഷനും അനുവദിക്കാനാകില്ലെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്,എ.എ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നതുവരെ താത്കാലിക പെന്ഷന് മാത്രമേ അനുവദിക്കാനാകൂ.
മുന്‍ പോലീസ് ഡയറക്ടര്‍ ജനറലായ എസ്. പുലികേശിക്ക് ഡിസിആര്‍ജി തുകയും പെന്ഷന് കമ്മ്യൂട്ടേഷനും അനുവദിക്കാന്‍ നിര്‍ദേശിച്ച സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
2001ല്‍ സപ്ലൈകോ എംഡിയായിരിക്കേ അഴിമതി ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിനെത്തുടര്‍ന്ന് വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞതു ചോദ്യം ചെയ്താണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.