നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം;രാഹുല്‍ രാജ്യംവിട്ടതായി സൂചന, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
Friday, May 17, 2024 2:06 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് രാജ്യം വിട്ടതായി സൂചന. ബംഗളൂരു വഴി ജര്‍മനിയിലേക്കു കടന്നതായാണു സൂചന.
രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്കു കടക്കുകയാണെന്നാണു പോലീസ് നല്കുന്ന സൂചന.
ഇന്നലെ വൈകുന്നേരം പോലീസ് ഇയാളുടെ വള്ളിക്കുന്നിലെ വീട്ടില്‍ എത്തിയെങ്കിലും ഇവിടെ ആരും ഉണ്ടായിരുന്നില്ല. അയല്‍വാസികളില്‍നിന്നും പന്തീരാങ്കാവ് പോലീസ് മൊഴിയെടുത്തു. തിങ്കളാഴ്ച വൈകുന്നേരം വരെ രാഹുല്‍ വീട്ടിലുണ്ടായിരുന്നുവെന്നാണു പോലീസിനു ലഭിച്ച വിവരം.
രാഹുലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് ബംഗളൂരുവിലാണ്. രാഹുലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനിയറാണ് രാഹുല്‍. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്കു രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പോലീസ് നിലപാടില്‍ പൊതുസമൂഹത്തില്‍നിന്നു ശക്തമായ വിമര്‍ശനമുയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന് ഓഫീസര്‍ എ.എസ്. സരിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
യുവതിയുടെ പരാതിയില്‍ 12നു നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം പന്തീരാങ്കാവ് പോലീസ് ഇയാളെ വിട്ടയച്ചിരുന്നു.
14നാണ് വധശ്രമത്തിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തത്. അതിനുശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരഞ്ഞ് അന്വേഷണത്തിലാണ്.
രാഹുലിന്റെ അമ്മയ്ക്കെതിരേ യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവാഹത്തിന് അമ്മയ്ക്കു താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹശേഷം തന്നോട് സംസാരിച്ചിരുന്നില്ലെന്നും മൊഴിയുണ്ട്. മര്‍ദനം നടന്ന ദിവസം അടച്ചിട്ട മുറിയില്‍ രാഹുലും അമ്മയൂം കുറെ നേരം സംസാരിച്ചിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
രാഹുലിന്റെ അമ്മയെയും സഹോദരിയെയും പോലീസ് സംഘം ചോദ്യം ചെയ്യും. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയാല്‍ രാഹുലിന്റെ അമ്മയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.