മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്; കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
Saturday, May 18, 2024 2:02 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു വയസുകാരിയുടെ കൈയിലെ ശസ്ത്രക്രിയയ്ക്കു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് ടൗണ്‍ അസി. പോലീസ് കമ്മീഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ വീട്ടിലെത്തി വ്യാഴാഴ്ച രാത്രി രക്ഷിതാക്കളുടെയും കൂട്ടിരിപ്പുകാരിയുടെയും മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഇവർ രണ്ടു പേരുമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ആശുപത്രി അധികൃതരുടെ മൊഴിയും ശേഖരിച്ചു. നടപടികൾ ഉടൻ പൂർത്തീകരിച്ച് റിപ്പോർട്ട് തയാറാക്കുമെന്നു പോലീസ് അറിയിച്ചു.
ആരോഗ്യവകുപ്പിനും മെഡിക്കൽ കോളജ് അധികൃതർക്കുമെതിരേ വിമർശനം ഉയർന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. അതേസമയം നിയമപരമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്നും മറ്റൊരു കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രി അധികൃതരുടെ അശ്രദ്ധ കാരണമാണു കുട്ടിക്ക് രണ്ടു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നത്.
നാവിനു പ്രശ്നമുള്ളതായും ശസ്ത്രക്രിയ നടത്തുന്നതായും അറിയിച്ചില്ല. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ വായിൽ പഞ്ഞിവച്ചത് കണ്ട് ചോദിച്ചപ്പോഴാണു വിവരം അറിഞ്ഞത്. ഇപ്പോൾ നാവിനു ചെറിയ വേദനയുണ്ട്. ഇനി രണ്ടാഴ്ചയ്ക്കുശേഷമാണ് ഡോക്ടറെ കാണേണ്ടത്. കുട്ടിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും അമ്മ പറഞ്ഞു.
സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ പ്രഫ. ബിജോണ്‍ ജോണ്‍സണെ സസ്പെൻഡ് ചെയ്തതെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീത് പറഞ്ഞു. ഇടത് കൈയിലെ ആറാംവിരൽ മുറിച്ചുമാറ്റാനെത്തിയ ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയായ കുട്ടിയുടെ നാവിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞിന് കൈയിലായിരുന്നു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർക്കുൾപ്പെടെ മനസിലായത്.
അബദ്ധം പറ്റിപ്പോയെന്നും മാപ്പുനൽകണമെന്നും ബന്ധുക്കളോട് പറഞ്ഞ ഡോക്ടർ ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരൽ നീക്കംചെയ്യുകയായിരുന്നു.