കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു
Saturday, May 18, 2024 2:03 AM IST
തിരുവനന്തപുരം: വെന്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചത്.
ബൈബിൾ തീം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലിൽ നടന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകളോടെയാണ് പരിപാടികൾക്കു തുടക്കമായത്. പ്രാർഥനാശുശ്രൂഷകൾക്ക് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിച്ചു.
ഇതോടൊപ്പം വിശ്വപ്രസിദ്ധമായ ഹിൽ ഓഫ് ക്രോസിന്റെ തനി ആവിഷ്കാരവും പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്വാഡാലൂപ്പയിലെ പ്രത്യക്ഷതയുടെ പുണ്യസങ്കേതവും സമർപ്പിച്ചു. ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെന്പായം പെരുംകൂറിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് എന്ന് കാതോലിക്കാ ബാവ പറഞ്ഞു.
ദൈവത്തിന്റെ മഹത്വവും മാഹാത്മ്യവും വിളംബരം ചെയ്യാനായി വിശുദ്ധ ബൈബിളിന്റെ ലോകത്തിലെ ഏറ്റവും വലിയ ആവിഷ്കാരമാണ് മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുതെന്ന് ഇതിന്റെ സ്ഥാപകനായ ബ്രദർ ഡോ. മാത്യൂസ് വർഗീസ് പറഞ്ഞു.
ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവർക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് ആത്മീയ ഉൾക്കാഴ്ച പകരുന്ന ആകർഷകമായ രീതിയിലാണ് ബൈബിൾ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. ക്രൈസ്തവ ലോകചരിത്രത്തിലെ അതിപ്രധാനമായ മൂന്ന് ആവിഷ്കാരങ്ങൾ പുതുതായി മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിൽ ഒരുക്കാൻ ദൈവം അനുഗ്രഹം തന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം അച്ചടിച്ച ആദ്യകാല ബൈബിളുകൾ, 400 വർഷം പഴക്കമുള്ള ഗ്രീക്ക് ബൈബിൾ, അന്താരാഷ്ട്ര ബൈബിൾ ഷോക്കേസ്, അഞ്ച് ത്രോണോസുകളും ഒൻപത് വിശുദ്ധന്മാരുടെയും മൂന്നു വിശുദ്ധകളുടെയും തിരുശേഷിപ്പുകൾ സ്ഥാപിച്ചിരിക്കുന്ന പാരഡൈസ് ഓഫ് ഹോളിനസ് ദേവാലയം, ഭൂമിയിൽ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത വിളംബരം ചെയ്യുന്ന വിശ്വപ്രശസ്ത ചിത്രകാരന്മാരുടെ ആവിഷ്കാരങ്ങൾ, പ്രവാചകവീഥി, സമാഗമ കൂടാരം, യേശുക്രിസ്തു ജനിച്ച സ്ഥലം, നിയമ പെട്ടകം, കാൽവരി മൗണ്ട്, യേശുക്രിസ്തുവിന്റെ കബറിടം തുടങ്ങിയവയുടെയെല്ലാം പുനരാവിഷ്കാരങ്ങളാണ് മ്യൂസിയം ഓഫ് ദ വേഡ് ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
ചടങ്ങുകളിൽ മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് സ്ഥാപകൻ ബ്രദർ ഡോ. മാത്യൂസ് വർഗീസ്, ഭാര്യ രാജി വർഗീസ്, മകൻ മാത്യൂസ് വർഗീസ് ജൂണിയർ, റെജി മേരി ജെബു, സിൻജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.