യൂക്കാലിപ്റ്റസിനെ വീണ്ടും കാടുകയറ്റുന്നു
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയതോടെ സംസ്ഥാനത്തെ വനം വികസന കോർപറേഷനു (കെഎഫ്ഡിസി) കീഴിലുള്ള സ്ഥലങ്ങളിൽ 2025 വരെ യൂക്കാലിപ്റ്റസ് മരങ്ങൾ നടും.
മണ്ണിൽനിന്നും വൻ തോതിൽ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി മരം ഉൾപ്പെടെയുള്ളവ നടുന്നത് വിലക്കി സംസ്ഥാന സർക്കാർ ഉത്തരവ് നിലവിലുള്ളതാണ്.
എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്നതിനാൽ കെഎഫ്ഡിസിക്ക് അവരുടെ പ്ലാന്റേഷനുകളിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാമെന്ന വാദമാണ് മുന്നോട്ടു വയ്ക്കുന്നത്.
2021ൽ സർക്കാർ വനനയം പ്രഖ്യാപിച്ചപ്പോൾ മാവ്, പ്ലാവ്, മലവേപ്പ്, ഞാവൽ തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ വനം വികസന കോർപറേഷന് ഇതൊന്നും ബാധകമല്ലാത്ത നിലയിലാണ് അവരുടെ നടപടികൾ.
കെഎഫ്ഡിസിയുടെ ഉടമസ്ഥഥയിലുള്ള പ്ലാന്റേഷനുകളിൽ യൂക്കാലിപ്സ് മരങ്ങൾ നടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
കേന്ദ്ര വനനിയമ പ്രകാരം കൃഷി ചെയ്യാമെന്ന വാദമാണ് ഇതിനായി വനം വികസന കോർപറേഷൻ മുന്നോട്ടു വയ്ക്കുന്നത്. യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നതു സംബന്ധിച്ച് അനുമതി നല്കണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വനംവികസന കോർപറേഷൻ ആവശ്യപ്പെടുകയായിരുന്നു.
പേപ്പർ നിർമാണത്തിനുള്ള പൾപ്പ് ലഭ്യമാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ വേണമെന്ന നിലപാടാണ് ഇവർ കൈക്കൊണ്ടത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കെഎഫ്ഡിസിഎന്നും അവിടെനിന്നും പൾപ്പ് ഉത്പാദിപ്പിക്കുന്നതിനുള്ള മരങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുമെന്നുമാണ് അവരുടെ ഭാഷ്യം.