ദേവസ്വം ബോര്‍ഡിനു കീഴിലെ കോളജുകളിലെ അധ്യാപകനിയമനം യുജിസി മാനദണ്ഡ പ്രകാരമെന്ന്
Wednesday, May 29, 2024 1:43 AM IST
കൊച്ചി: യുജിസി മാനദണ്ഡപ്രകാരമാണ് ദേവസ്വം ബോര്‍ഡിനു കീഴിലെ കോളജുകളിലേക്ക് അധ്യാപകനിയമനം നടത്തുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍.
ബോര്‍ഡിനു കീഴിലെ ജീവനക്കാര്‍ക്ക് കെഎസ്എസ്എസ്ആറിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡിനു കീഴിലെ കോളജുകളിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് 2021ലെ വിജ്ഞാപനപ്രകാരം അപേക്ഷ നല്‍കിയിരുന്ന ജിനേഷ് ജോഷി നല്കിയ ഹര്‍ജിയിലാണു ബോര്‍ഡിന്റെ വിശദീകരണം.
കേരള സര്‍വകലാശാലയ്ക്കു കീഴിലെ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയല്‍ ഡിബി കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിയമനത്തിനാണ് ഹര്ജിക്കാരന് അപേക്ഷ നല്‍കിയിരുന്നത്.
ചുരുക്കപ്പട്ടിയില്‍ ഉള്‍പ്പെട്ടെങ്കിലും ഇന്റര്‍വ്യൂവിനായി ഹര്‍ജിക്കാരനെ തെരഞ്ഞെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് കെഎസ്എസ്എസ്ആര് പ്രകാരമുള്ള സംവരണവ്യവസ്ഥ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ വേണമെന്നും അധ്യാപക നിയമനം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാകണമെന്നുമാവശ്യപ്പെട്ട് ഹര്ജിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ യുജിസി റെഗുലേഷനും സര്‍ക്കാര്‍ മാനദണ്ഡവും പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക, അനധ്യാപക നിയമനം നടത്താന്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.