നവവധുവിനു മർദനം; രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം
Wednesday, May 29, 2024 1:43 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മർദിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം.
ഒന്നാം പ്രതി പന്തീരാങ്കാവ് പന്നിയൂര്‍കുളം വള്ളിക്കുന്ന് സ്വദേശി രാഹുല്‍ പി. ഗോപാലന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവര്‍ക്കാണു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്ന് ഇരുവര്‍ക്കും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുരളീകൃഷ്ണ നിര്‍ദേശം നല്കി. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷന് ജാമ്യത്തില്‍ തന്നെ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സ്ത്രീധന പീഡനക്കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടിയത്. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ എത്തിയിരുന്നില്ല. ഇവരുടെ വീട് പോലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.
പ്രോസിക്യൂഷന് വേണ്ടി കെ.എന്‍. ജയകുമാറും പ്രതികള്‍ക്കുവേണ്ടി ഷമീം പക്സാനും ഹാജരായി. മുഖ്യപ്രതിയായ രാഹുലിന് ജര്‍മനിയിലേക്കു രക്ഷപ്പെടാന്‍ ഉപദേശവും സഹായവും നല്‍കിയെന്ന് കണ്ടെത്തിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാലുശേരി സ്വദേശി കെ.ടി. ശരത്ലാല് മുന്‍കൂര്‍ ജാമ്യത്തിനു നല്കിയ അപേക്ഷ കോടതി 31നു പരിഗണിക്കുന്നുണ്ട്.
കേസില്‍ അഞ്ചാം പ്രതിയാണു സസ്പെന്‍ഷനിലുള്ള ശരത്ലാല്. അതേസമയം, രാഹുലിനെ വിദേശത്തുനിന്നു നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.