ഹരിശ്രീ ജയരാജ് അന്തരിച്ചു
Wednesday, May 29, 2024 1:43 AM IST
ആലുവ: സിനിമാ പിന്നണി ഗായകൻ അശോകപുരം മനക്കപ്പടി ജയഭവനിൽ (കൃഷ്ണകൃപ) ഹരിശ്രീ ജയരാജ് (54) അന്തരിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഗായകൻ അഫ്സൽ അടക്കം നിരവധി ഗായകരും മിമിക്രി കലാകാരന്മാരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
മൂന്നു പതിറ്റാണ്ടോളമായി സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന ഹരിശ്രീ ജയരാജ് ‘കുടുംബശ്രീ ട്രാവൽസ്’ എന്ന ചിത്രത്തിൽ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവർക്കൊപ്പം ’തപ്പും തകിലടി.....’ എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. നൂറോളം മൊഴിമാറ്റ ചിത്രങ്ങളിലും ഗാനമാലപിച്ചു. കലാഭവൻ, ഹരിശ്രീ തുടങ്ങി വിവിധ ഗാനമേള ട്രൂപ്പുകളിലായി പതിനായിരത്തിലേറെ വേദിയിൽ ഗാനം ആലപിച്ചിട്ടുണ്ട്.
ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി ഭക്തി, ലളിതഗാന ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. അച്ഛൻ: രാധാകൃഷ്ണ പണിക്കർ. അമ്മ: നളിനി. ഭാര്യ: രശ്മി. മകൾ: മീനാക്ഷി (ബിരുദ വിദ്യാർഥിനി).