ഭക്ഷ്യവിഷബാധ വീട്ടമ്മ മരിച്ചു
Wednesday, May 29, 2024 1:44 AM IST
കയ്പമംഗലം (തൃശൂർ): പെരിഞ്ഞനത്തു ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മൂന്നുപീടികയിലെ ഹോട്ടലിൽനിന്നു പാഴ്സലായി വാങ്ങിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) യാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്.
ശനിയാഴ്ച രാത്രിയാണു ഹോട്ടലിൽനിന്ന് പാഴ്സൽ വാങ്ങിയ ചിക്കനും മയോണൈസും ഇവർ വീട്ടിൽവച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റു മൂന്നുപേർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ, അപ്പോഴൊന്നും നുസൈബയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥത തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകുന്നേരം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നോടെയാണു മരിച്ചത്.
പെരിഞ്ഞനത്ത് ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 185 ആയി. ഹോട്ടൽ ഉടമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നെത്തിയ സംഘമാണ് ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചത്. കയ്പമംഗലം പോലീസിലും പെരിഞ്ഞനം പഞ്ചായത്തിലും ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറി.
പെരിഞ്ഞനം സെന്ററിനു വടക്കുഭാഗത്തുള്ള സെയിൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. പ്രാഥമിക പരിശോധനകൾക്കു പിന്നാലെ ഹോട്ടൽ താത്കാലികമായി അടപ്പിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടത്താത്തതു വിവാദമായി
കയ്പമംഗലം: ഇന്നലെ പുലർച്ചെ മരിച്ച നുസൈബയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്കു വിട്ടുകൊടുത്തത് വിവാദമായി. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർ പോലീസിനു അറിയിപ്പു നൽകിയില്ലെന്നാണ് ഇതിനു മറുപടിയായി പറഞ്ഞത്.
ബന്ധുക്കൾ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയെങ്കിലും വിവാദമായതോടെ പോലീസ് വീട്ടിലെത്തി പോസ്റ്റ്മോർട്ടത്തിനായി വീണ്ടും മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പെരിഞ്ഞനം പൊന്മാനിക്കുളം പള്ളിയിൽ സംസ്കരിച്ചു.