വേനൽമഴ കനക്കും, കാലവർഷം വെള്ളിയാഴ്ച എത്തും
Wednesday, May 29, 2024 1:59 AM IST
തിരുവനന്തപുരം: വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ അതിതീവ്ര മഴ പെയ്തതിനെത്തുടർന്ന് ദുരിതത്തിലായ കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്നും മഴ കനക്കുമെന്ന മുന്നറിയിപ്പ് ആശങ്കയുയർത്തുന്നു.
ആഴ്ചകളായി തുടരുന്ന ശക്തമായ വേനൽമഴയുടെ ശക്തി കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞിരുന്നെങ്കിലും ഇന്നലെ പുലർച്ചെയോടെ മഴ വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.
ഒറ്റപ്പെട്ട കനത്ത മഴ മുന്നറിയിപ്പുകൾ മാത്രമാണ് ഇന്നലെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകിയിരുന്നത്. എന്നാൽ രാവിലെയോടെ മഴ അതിതീവ്രമായി. ഇതോടെ കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേരും.
തുടക്കത്തിൽത്തന്നെ കാലവർഷവും തിമിർത്തു പെയ്യാനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഇതോടെ ജൂണ്‍ മാസവും കേരളത്തിന് തോരാ മഴക്കാലമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.