കലയ്ക്കു മുകളില്‍ കടം കൊച്ചി ബിനാലെ ഈ വര്‍ഷമില്ല
Thursday, May 30, 2024 12:48 AM IST
അനില്‍ തോമസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ (കെഎംബി) ഇത്തവണ ഉണ്ടാകില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് കോസ്റ്റ് ഗാര്‍ഡിന് വില്‍ക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളുമൊക്കെയാണ് ബിനാലെ ആറാം പതിപ്പിനു തടസമായത്. നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ പോലും ആരംഭിക്കാനാകാത്ത ഘട്ടത്തില്‍ ഇത്തവണ ബിനാലെ ഒഴിവാക്കാന്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് തീരുമാനമെടുത്തതായാണു വിവരം.
പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് ലഭിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ തവണ നേരിട്ട പ്രതിസന്ധികള്‍ അഞ്ചാം എഡിഷന്റെ ശോഭ കെടുത്തിയിരുന്നു. ഉടമയായ ഡിഎല്‍എഫ് ആസ്പിന്‍വാള്‍ വില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്നേ ഉണ്ടായിരുന്നതാണ്. ഇതേത്തുടര്‍ന്ന് ആസ്പിന്‍വാളിലെ മുന്നൊരുക്കങ്ങള്‍ ഡിഎല്‍എഫ് തടഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണു വേദി അനുവദിച്ചു കിട്ടിയത്.
മാസം 25 ലക്ഷം രൂപയാണ് വാടക ഇനത്തില്‍ ഡിഎല്‍എഫ് ആവശ്യപ്പെട്ടത്. നാലു മാസത്തെ വാടകയും വേദി പഴയ രൂപത്തിലാക്കി മടക്കി നല്കുന്നതിനുമൊക്കെയായി ഒന്നര കോടി രൂപ ആസ്പിന്‍വാളിനു മാത്രം ചെലവായി.
മാത്രമല്ല, അനുബന്ധ പരിപാടികള്‍ക്കായി കബ്രാള്‍യാര്‍ഡില്‍ പവലിയന് ഒരുക്കാനും അത്തവണ കഴിഞ്ഞില്ല. സ്ഥലം ഉടമയായ ഡിഎല്‍എഫ് വലിയ വാടക ആവശ്യപ്പെട്ടതായിരുന്നു അതിനും കാരണം.
ഒന്നിനു പുറകെ ഒന്നായി വന്ന പ്രതിസന്ധികളും തടസങ്ങളും നേരിട്ട അഞ്ചാം പതിപ്പിനു തിരശീല വീഴുമ്പോള്‍ നാലു കോടി നഷ്ടത്തിലാണ് ബിനാലെ സമാപിച്ചത്. സര്‍ക്കാര്‍ ധനസഹായവും പൂര്‍ണമായി ലഭിച്ചില്ല.
ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു കോടിയില്‍ കിട്ടിയതാകട്ടെ നാലര കോടി മാത്രം. 20 കോടിയോളം ആകെ ചെലവുമായി. ഇത്തവണത്തെ ബിനാലെ നടത്തിപ്പില്‍നിന്നു നഷ്ടം തീര്‍ക്കാമെന്ന അധികൃതരുടെ പ്രതീക്ഷയാണ് ആസ്പിന്‍വാള്‍ കൈവിട്ടു പോയതോടെ തിരിച്ചടിയായത്.
ആറാം പതിപ്പ് 2025ല്‍
ബിനാലെ ആറാം പതിപ്പ് 2025 ഡിസംബറില്‍ നടത്തുമെന്ന് ബിനാലെ ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. തീയതിക്കൊപ്പം അടുത്ത ബിനാലെയ്ക്കുള്ള ക്യുറേറ്ററെ യും പ്രഖ്യാപിക്കും. 2012 മുതല്‍ എല്ലാ രണ്ടു വര്‍ഷം കൂടുന്തോറും ഡിസംബറിലാണ് ബിനാലെ നടത്തിവന്നത്.