വോട്ടെണ്ണലിന് ത്രിതല സുരക്ഷയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, May 30, 2024 2:06 AM IST
തിരുവനന്തപുരം: ജൂണ്‍ നാലിന് വോട്ടെണ്ണലിനു ത്രിതല സുരക്ഷാ ക്രമീകരണവുമായി തെരഞ്ഞടുപ്പു കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷയും വോട്ടണ്ണലിനുള്ള ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
20 കേന്ദ്രങ്ങളിലാണു വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. രാവിലെ എട്ടിനു തപാൽവോട്ടും എട്ടരയോടെ ഇവിഎമ്മിലെ വോട്ടും എണ്ണിത്തുടങ്ങും.
സ്ട്രോംഗ് റൂമുകളുടെ 100 മീറ്റർ അകലെ തുടങ്ങുന്ന ആദ്യസുരക്ഷാവലയത്തിൽ സംസ്ഥാന പോലീസിന്റെ കാവലാണുള്ളത്. രണ്ടാംവലയത്തിൽ സംസ്ഥാന ആംഡ് പോലീസും മൂന്നാമത് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സുമുണ്ടാകും.
സ്ട്രോംഗ്റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവുമുണ്ടാകും. പ്രവേശനകവാടങ്ങൾ, സ്ട്രോംഗ് റൂം ഇടനാഴികൾ, സ്ട്രോംഗ് റൂമിൽനിന്നു വോട്ടെണ്ണൽ ഹാളിലേക്കുള്ള വഴി, എണ്ണുന്ന ഹാൾ, ടാബുലേഷൻ ഏരിയ എന്നിവിടങ്ങളിലെല്ലാം സിസിടിവി നിരീക്ഷണമുണ്ടെന്നു മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
എല്ലാ സ്ട്രോംഗ് റൂമുകളും കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും സന്ദർശക രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലായിടത്തും അഗ്നിരക്ഷാസേനയും സുരക്ഷയ്ക്കുണ്ട്. വോട്ടെണ്ണലിനുള്ള മേശകളും കൗണ്ടിംഗ് ഏജന്റ് മാർക്ക് ഇരിക്കാനുള്ള സ്ഥലവും സജ്ജമാക്കി.
വോട്ടെണ്ണൽ വേഗത്തിൽ തീർക്കാനും ഫലം പ്രഖ്യാപിക്കാനും കൂടുതൽ ഹാളുകളും മേശകളും ഒരുക്കി. തപാൽ ബാലറ്റുകൾ എണ്ണാൻ ക്യുആർ കോഡ് സ്കാനറുകളും കംപ്യൂട്ടർ സംവിധാനങ്ങളും ലഭ്യമാക്കി. വോട്ടെണ്ണാനും ഫല പ്രഖ്യാപനത്തിനുമായി ജീവനക്കാരുടെ രണ്ടും മൂന്നും റാൻഡമൈസേഷൻ ജൂണ്‍ മൂന്നിനു രാവിലെ എട്ടിനും നാലിന് രാവിലെ അഞ്ചിനും നടക്കും. തപാൽവോട്ട് അടക്കമുള്ളവയുടെ വോട്ടെണ്ണലിന് 707 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കും. ജീവനക്കാർക്കുള്ള അവസാനഘട്ട പരിശീലനം ജൂണ്‍ ഒന്നിനു നടക്കും.
തത്സമയം ഫലം ലഭ്യമാക്കാൻ എൻകോർ, ഇടിപിബിഎംഎസ് ടീമുകൾക്കു പരിശീലനം പൂർത്തിയായി.