വിരമിക്കുന്ന 15,000 ജീവനക്കാർക്ക് വേണം, 9500 കോടി രൂപ
Thursday, May 30, 2024 2:06 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൽനിന്നു മേയ് 31നു വിരമിക്കുന്ന 15,000-ത്തോളം ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9,500 കോടി രൂപ വേണ്ടിവരും. പെൻഷൻ ആനുകൂല്യങ്ങൾ ഉടനടി കൊടുക്കേണ്ടതില്ലാത്ത സാഹചര്യത്തിൽ സർക്കാരിനു മുന്നിൽ സാന്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ല.
സാധാരണയായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച ഫയൽ ജോലികൾ പൂർത്തിയാക്കാൻ മൂന്നു മാസം മുതൽ ഒരു വർഷം വരെ വേണ്ടിവരും. അച്ചടക്കനടപടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ പോലും ഫയലുകൾ അക്കൗണ്ടന്റ് ജനറലിന്റെ (എജി) അനുമതി അടക്കം നേടിയെടുത്ത് ഫയൽ ജോലി തീർത്ത് ആനുകൂല്യം ലഭിക്കാൻ മൂന്നു മാസം സമയപരിധി വേണ്ടിവരും.
സർക്കാർ നേരിടുന്ന സാന്പത്തിക പ്രതിസന്ധിയും ജീവനക്കാർ അച്ചടക്കനടപടി നേരിട്ടവരുമാണെങ്കിൽ ഇത് 10 മാസം മുതൽ ഒരു വർഷം വരെ നീളാം. ഇപ്പോൾ വിരമിക്കുന്ന ഭൂരിഭാഗം ജീവനക്കാർക്കും ആനുകൂല്യം ലഭിക്കാൻ ആറു മാസമെങ്കിലും വേണ്ടിവരും.
ഇപ്പോൾ വിരമിക്കുന്ന ജീവനക്കാർക്ക് 15 ലക്ഷം മുതൽ 1.10 കോടി രൂപ വരെ ആനുകൂല്യം ഇനത്തിൽ നൽകേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ, കോളജ് അധ്യാപകർ തുടങ്ങിയ തസ്തികകളിലുള്ളവർക്കാണ് ഒരു കോടിയോളം രൂപ റിട്ടയർമെന്റ് ആനുകൂല്യം ഇനത്തിൽ ലഭിക്കുന്നത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും വിരമിക്കൽ ചടങ്ങുകൾ നടക്കും.