രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക്
Tuesday, June 11, 2024 2:17 AM IST
എം.പ്രേംകുമാർ
തിരുവനന്തപുരം : ദിവസങ്ങൾ നീണ്ട ചർച്ചയിലും പരിഹാരം കാണാത്ത സാഹചര്യത്തിൽ സ്വന്തം സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു വിട്ടുനൽകി സിപിഎം. രണ്ടാമത്തെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉറച്ച നിലപാട് എടുത്തതോടെ സ്വന്തം സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നൽകാൻ സിപിഎം നിർബന്ധിതമായി.
തുടർന്ന് കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണിയെ രാജ്യസഭാ സ്ഥാനാർഥിയായി പാർട്ടി പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. പി.പി. സുനീറിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ സിപിഐയും തീരുമാനിച്ചു.
ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണു തീരുമാനം. നിലവിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ സുനീർ നേരത്തേ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്കു നേതൃത്വം നൽകുന്ന സിപിഎമ്മും മുഖ്യമന്ത്രിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.
യുഡിഎഫിനു വിജയിക്കാവുന്ന സീറ്റിൽ സ്ഥാനാർഥിയായി മുസ്ലിം ലീഗിൽനിന്നുള്ള അഡ്വ. ഹാരിസ് ബീരാൻ മത്സരിക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
സുപ്രീംകോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ 2011 മുതൽ ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനർ. മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം തുടങ്ങിയ പദവികൾ വഹിക്കുന്നു. യുപിഎ സർക്കാർ കാലഘട്ടത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു.