പനിച്ചുവിറച്ച് കേരളം
Wednesday, June 12, 2024 12:19 AM IST
അനുമോൾ ജോയ്
കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. ജൂൺ ഒന്നുമുതൽ ഒന്‍പത് വരെ 52,315 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പനിബാധിച്ച് പാലക്കാട്ട് ഒരാൾ മരിച്ചു. സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രിയിൽ ദിനംപ്രതി ആയിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സതേടുന്നത്.
കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും എലിപ്പനി, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരും ഉണ്ട്. കൂടാതെ ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, നടുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ട്.
പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതിയുള്ള കണക്കു പരിശോധിക്കുമ്പോള്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. പല ജില്ലകളിലും പനി ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
താലൂക്ക് ആശുപത്രികള്‍ മുതലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ് പനി ക്ലിനിക്ക് തുടങ്ങിയത്. വൈറൽ പനിയിൽ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഡെങ്കിയും എലിപ്പനിയും
ജൂൺ ഒൻപതുവരെ സംസ്ഥാനത്ത് 511 പേർക്ക് ഡെങ്കിപ്പനിയും 65 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ നാലുപേരും എലിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് രണ്ടുപേരും മരിച്ചു.
വെസ്റ്റ് നൈൽ പനി ബാധിച്ച് മലപ്പുറത്ത് രണ്ടുപേരാണ് മരിച്ചത്. കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് കൊല്ലം (215), എറണാകുളം (93), തിരുവനന്തപുരം (66) എന്നീ ജില്ലകളിലാണ്.
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ചികിത്സ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.