രാജി വയ്ക്കണമെന്നു പറയുന്നതിൽ എന്ത് യുക്തി: മുഖ്യമന്ത്രി
Wednesday, June 12, 2024 1:27 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു സീറ്റ് കുറഞ്ഞതിന്റെ പേരിൽ സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നു പറയുന്നത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മുന്പ് എ.കെ. ആന്റണി ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് കോണ്ഗ്രസിലെ ആഭ്യന്തരപ്രശ്നത്തിന്റെ പേരിലാണ്. അതിനെ ഇതുമായി താരതമ്യപ്പെടുത്തേണ്ട. ഇത്തരത്തിൽ രാജി ആവശ്യമുന്നയിക്കുകയാണെങ്കിൽ കോണ്ഗ്രസ് നേതാക്കൾ ആദ്യം ഹിമാചലിലും തെല ുങ്കാനയിലും കർണാടകയിലുമാണ് ഉന്നയിക്കേണ്ടത്. അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ പിന്നാക്കം പോയി.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ മാറ്റിനിർത്തണമെന്നു ജനം ചിന്തിച്ചു. അതിന്റെ ഭാഗമായാണ് ഇവിടെ വോട്ട് ചെയ്തത്. അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ യുഡിഎഫ് അഹങ്കരിക്കരുത്, അത് ഗുണം ചെയ്യില്ല. വിജയത്തിന്റെ മത്ത് ലീഗിനു പിടിച്ചതായാണ് അവരുടെ ചില അംഗങ്ങളുടെ പെരുമാറ്റത്തിൽനിന്നും മനസിലാക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയം ആത്യന്തികമായ ഒരു പരാജയമായി കാണുന്നില്ല. ജനങ്ങളുടെ പിന്തുണയോടെ ശക്തമായി തിരിച്ചുവരും.യുഡിഎഫ് ജയിച്ചതിലൊന്നും വേവലാതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നതാണ് പരിശോധിക്കേണ്ടതെന്നു കൂട്ടിച്ചേർത്തു.
മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം. പലയിടത്തും യുഡിഎഫിന് ഒപ്പംനിന്ന ശക്തികൾ തൃശൂരിൽ കൂടെനിന്നില്ലെന്ന യാഥാർഥ്യം മറന്നുപോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തൃശൂരിൽ യുഡിഎഫിന്റെ വോട്ടുകൾ ചോർന്നത് പരിശോധിക്കണമെന്നു മുഖ്യമന്ത്രിയും സിപിഎം വോട്ടുകൾ ബിജെപിക്ക് പോയത് പരിശോധിക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പരസ്പരം ആവശ്യമുന്നയിച്ചു.
കല്യാശേരിയിലും മട്ടന്നൂരിലും വോട്ട് കുറഞ്ഞതും തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സിപിഎം വോട്ട് ബിജെപിയിലേക്ക് പോയതുംകൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.