ഉദ്ഘാടനവേദിയിൽ പ്രതിപക്ഷ നേതാവും വേണമായിരുന്നു: എം. വിൻസെന്റ്
Saturday, July 13, 2024 12:57 AM IST
തിരുവനന്തപുരം: വികസന കാര്യത്തിൽ രാഷ്ട്രീയ വേർതിരിവ് പാടില്ലെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്‍ വേദിയിൽ പ്രതിപക്ഷ നേതാവും വേണമായിരുന്നുവെന്നും എം. വിൻസെന്റ് എംഎൽഎ.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കേയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ എം. വിൻസെന്റ് വിമർശിച്ചത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ ഒപ്പുവച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഉദ്ഘാടന വേളയിൽ ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമാകുമായിരുന്നു.
ഒരു ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയത്. വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴികേട്ടയാളാണ് അദ്ദേഹം.
ഈ പദ്ധതിയുടെ പേരിൽ വിജിലൻസ് അന്വേഷണവും ജുഡീഷൽ അന്വേഷണവും അദ്ദേഹം നേരിട്ടതാണ്. വികസനത്തിന്റെ കാര്യത്തിൽ രാഷ്്ട്രീയ വേർതിരിവ് പാടില്ല. സർക്കാരുകൾ തുടർച്ചയാണ്. ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വിൻസന്റ് പറഞ്ഞു.