വേങ്ങൂരിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
Monday, July 15, 2024 2:26 AM IST
പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിൽ കൊച്ചുപുരക്കൽ ഭാഗത്ത് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തി. പ്രദേശത്ത് ശനിയാഴ്ച ആന കൂട്ടത്തോടെയിറങ്ങിയിരുന്നു. ഇതിലൊന്നിനെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊച്ചുപുരക്കൽ വളരിയിൽ ഫ്രാൻസിസിന്റെ തോട്ടത്തിൽ ചരിഞ്ഞനിലയിൽ കാണപ്പെട്ടത്.
ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആനയുടെ ജഡം അഴുകിയനിലയിൽ കണ്ടെത്തുകയായിരുന്നു. തോട്ടത്തിലെ പ്ലാവിൽനിന്നു ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞുവീണ് വൈദ്യുത കമ്പി പൊട്ടിവീണാണു ഷോക്കേറ്റതെന്നാണ് കരുതുന്നത്. വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ആനയുടെ ജഡം രാത്രിയോടെ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.