അരോമ മണി: ഹിറ്റുകളുടെ കിംഗ് മേക്കർ
എസ്. മഞ്ജുളാദേവി
Monday, July 15, 2024 2:26 AM IST
സാഗര്‍ ഏലിയാസ് ജാക്കി... മോഹന്‍ലാൽ ആരാധകരുടെ നെഞ്ചില്‍ ഇന്നും മുഴങ്ങുന്ന ഇടിനാദം പോലെ കരുത്തുറ്റ കഥാപാത്രം! ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ഗോള്‍ഡ് സ്മഗ്ലറെ മലയാളികള്‍ക്കു സമ്മാനിച്ച നിര്‍മാതാവാണ് അരോമ മണി. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് സങ്കീര്‍ണതകള്‍ ഏറെയുള്ള ഈ സ്വര്‍ണകള്ളക്കടത്തുകാരന്‍! മോഹന്‍ലാലിന്റെ ഈ വന്‍ ഹിറ്റ് ചിത്രം മാത്രമല്ല സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചതും എം. മണി അഥവാ അരോമ മണി എന്ന നിര്‍മാതാവാണ്.
പ്രേക്ഷകലക്ഷം ഏറ്റുവാങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരെ മമ്മൂട്ടിയില്നിന്നു വേറിട്ട് മാറ്റുക അസാധ്യമാണ്. കെ. മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ് കളക്ഷനിലും റിക്കാര്ഡ്തന്നെ സൃഷ്ടിച്ചു. സിനിമയുടെ വന്‍ വിജയത്തെ തുടര്‍ന്ന് മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറെ കേന്ദ്രകഥാപാത്രമാക്കി ഒരു പരമ്പരതന്നെ പുറത്തുവന്നു.
സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായി വന്ന ജാഗ്രതയിലും അരോമ മണിതന്നെയായിരുന്നു നിര്‍മാതാവ്. ഒരുപക്ഷേ പോലീസ് കഥകളോടുള്ള നിര്‍മാതാവിന്റെ ചായ്വ് തന്നെയാകാം കമ്മീഷണറിലേക്കും വഴിതെളിച്ചത്. കള്ളന്റെയും കള്ളക്കടത്തുകാരന്റെയും കഥകള്‍ നിരവധി പറഞ്ഞുവെങ്കിലും വ്യത്യസ്തനായൊരു കമ്മീഷണറെയും അരോമ മണി സമ്മാനിച്ചു. അരോമ മണി നിര്‍മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ അതുവരെ മലയാളത്തില്‍ വന്ന പോലീസ് സിനിമകളില്‍നിന്ന് ഏറെ വേറിട്ടുനിന്ന സിനിമയാണ്. കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റ സുരേഷ് ഗോപി ഇന്നും അഭിമാനപൂര്‍വം പറയുന്ന സ്വന്തം കഥാപാത്രമാണ് കമ്മീഷണറിലെ ഭരത്ചന്ദ്രന് ഐപിഎസ്.
നാടുവാഴുന്ന മന്ത്രിയെയും പൊങ്ങച്ചക്കാരിയായ ഭാര്യയെയും ആള്‍ക്കൂട്ടത്തിനു നടുവില്‍ നിര്‍ത്തി സുരേഷ് ഗോപി പറയുന്ന ഓര്‍മയുണ്ടോ ഈ മുഖം... ഇന്നും ആരാധകര്‍ ഏറ്റുപറയുന്ന ഡയലോഗാണ്. ഭരത് ചന്ദ്രന് ഐപിഎസിന്റെ ഈ തന്റേടം നിര്മാതാവിന്റെതുംകൂടി ആണെന്നു പറയേണ്ടിവരും. ഒരു പുതിയ പോലീസ് ഭാഷ്യവുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്ന സിനിമ എങ്ങനെ സ്വീകരിക്കപ്പെടും എന്ന സംശയം അക്കാലത്ത് ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടായിരുന്നു. ആ വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുത്ത് സിനിമയെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുകയും ഒരു പുതിയ ട്രെന്‍ഡിനു തുടക്കംകുറിക്കുകയും ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും അരോമ മണിക്കു നല്‍കാം.
കമ്മീഷണറും സിബിഐ ഡയറിക്കുറിപ്പും പോലുള്ള സിനിമകള്‍ എടുത്ത അരോമ മണിതന്നെയാണ് പദ്മരാജന്റെ കള്ളന് പവിത്രന് യാഥാർഥ്യമാക്കിയതും. കൊമേഴ്സ്യല്‍ സിനിമകളും കലാമൂല്യമുള്ള ചിത്രങ്ങളും അരോമ മണിയുടെ കൈകളില്‍ ഭദ്രമായി. മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിച്ചിട്ടുള്ള, ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നിര്‍മാതാവാണ് അരോമ മണി. 1977ല്‍ ധീരസമീരേ യമുനാ തീരേ യിലൂടെ തുടങ്ങിയ സിനിമാ ജീവിതത്തില്‍ മലയാളത്തിലെ പ്രതിഭാധനരായ സംവിധായകര്‍ക്കൊപ്പവും ഹിറ്റ്മേക്കറുകള്ക്കൊപ്പം അദ്ദേഹം കൈകോര്‍ത്തു.
തിങ്കളാഴ്ച നല്ല ദിവസവും കോട്ടയം കുഞ്ഞച്ചനും ഏറ്റവുമൊടുവിലെ ആര്‍ട്ടിസ്റ്റുമെല്ലാം അങ്ങനെ പിറന്നതാണ്. ആ ദിവസം എന്ന സിനിമയിലൂടെ സംവിധായക വേഷവും അണിഞ്ഞ അരോമ മണി കുയിലിനെ തേടി, മുത്തോട് മുത്ത്, എങ്ങനെ നീ മറക്കും തുടങ്ങിയ പത്തോളം ഹിറ്റ് സിനിമകളും സംവിധാനം ചെയ്തു. ആദ്യസിനിമകളില്‍ പലതിലും ശങ്കര്‍ ആയിരുന്നു നായകന്. മോഹന്‍ലാലിനെ വില്ലനാക്കിയ കുയിലിനെ തേടിയും വലിയ വിജയമായിരുന്നു.
നാലു പതിറ്റാണ്ടോളം നിര്‍മാതാവായി പ്രവര്‍ത്തിച്ച അരോമ മണി പണത്തിന്റെ അനിവാര്യത മാത്രമല്ല , സിനിമയിലെ ബന്ധങ്ങള്‍ക്കും സാമ്പത്തിക അടിത്തറ എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അച്ചടക്കത്തോടെ, കൃത്യമായ ബജറ്റില്‍ ഒതുക്കിനിര്‍ത്തി സിനിമ എടുത്ത നിര്‍മാതാവുകൂടിയായിരുന്നു അരോമ മണി എന്ന പ്രശസ്ത നിര്‍മാതാവ് ജി. സുരേഷ് കുമാറിന്റെ വാക്കുകളും ശ്രദ്ധേയമാണ്.