ഇരിവേരിയിലെ കരുവന്നൂർ മോഡൽ: ഭരണസമിതിയും കുടുങ്ങും
Wednesday, July 17, 2024 1:04 AM IST
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ മാതൃകയിൽ ഒരു കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ സംഭവത്തിൽ വായ്പ നൽകിയ കാലയളവിലെ ഭരണസമിതിയും കുടുങ്ങും. ഇത്രയും വലിയ തുക ഭരണസമിതിയറിയാതെ നൽകാനാകില്ലെന്നാണ് സഹകരണ വകുപ്പിലുള്ളവർതന്നെ പറയുന്നത്.
സാധാരണഗതിയിൽ വായ്പകൾ ഭരണസമിതിയുടെ അനുമതിയോടെയേ പാസാക്കാവൂ എന്നാണു സഹകരണ വകുപ്പ് നിയമം നിഷ്കർഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണസമിതിയുടെ അറിവ് കൂടാതെയാണു വായ്പകൾ പാസാക്കിയതെന്ന വാദം നിലനിൽക്കില്ലെന്നു സഹകരണ വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
2019ലെ ഭരണസമിതിയുടെ കാലയളവിൽ ജനുവരി 19നു പത്തു പേർക്കായി പത്തു ലക്ഷം രൂപ വീതം വായ്പ അനുവദിച്ചെന്നാണ് ബാങ്ക് രേഖകളിൽ കാണിച്ചത്. സാക്ഷികളാകാനെന്നപേരിൽ പത്തു പേരെ വിളിച്ചുവരുത്തി രേഖകളിൽ ഒപ്പിടുവിച്ചായിരുന്ന തട്ടിപ്പ്.
രേഖകളിൽ ഒപ്പിട്ട പത്തു വ്യക്തികളുടെ പേരിൽ പത്തുലക്ഷം വീതം വായ്പ അനുവദിക്കുകയായിരുന്നു. ഈ പണം ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ള ഒരാൾക്കാണ് നൽകിയത്. ആവശ്യമായ ഈട് നൽകാതെയായിരുന്നു വായ്പ അനുവദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു തിരിച്ചടവ് പണം സ്വീകരിച്ച് ബാങ്കിലെത്തിച്ചിരുന്നത്. പത്തു പേരുടെയും വായ്പാ തിരിച്ചടവ് ഒരേ സ്ഥാപനത്തിൽനിന്നാണു നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് നിലവിലെ സെക്രട്ടറി ടി.സി. കരുണനാണു പോലീസിൽ പരാതി നൽകിയത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനക്കുറ്റം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത ചക്കരക്കൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു.
അതേസമയം, വായ്പ നൽകിയതുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറി സി. സത്യഭാമ, ബ്രാഞ്ച് മാനേജർ സി. രാജേഷ് എന്നിവരെ നിലവിലെ ഭരണസമിതി സസ്പെൻഡ് ചെയ്തു. അതിനിടെ, ഭരണസമിതിയുടെ ഒത്താശയോടെ കൃത്രിമമാർഗത്തിലൂടെ വായ്പ നൽകിയ ശേഷം പ്രശ്നം വന്നപ്പോൾ ജീവനക്കാരെ ബലിയാടാക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്.