വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ഥാപനത്തിനെതിരേ കൂടുതല്‍ പരാതികള്‍
Wednesday, July 17, 2024 1:04 AM IST
തൃശൂര്‍: വിദേശത്തു ജോലിയും പഠനവും വാഗ്ദാനം ചെയ്തു യുവാക്കളില്‍നിന്നു ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ സ്ഥാപനത്തിനെതിരേ കൂടുതല്‍ പരാതികള്‍.
തൃശൂര്‍ കൊക്കാലെയിലെ മേപ്പിള്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന കാസില്‍ഡ എഡ്യുക്കേഷന്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ ഇന്നലെ എഴുപതോളം പേര് ഈസ്റ്റ് പോലീസില്‍ പരാതി നല്കി. തട്ടിപ്പിന്റെ വ്യാപ്തി കോടികള്‍ കടക്കുമെന്നു വ്യക്തമായിട്ടും പോലീസിനു തണുത്ത നിലപാടാണെന്നും പരാതിക്കാര്‍ ആരോപിച്ചു.
തട്ടിപ്പുവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണു കൂടുതല്‍ ആളുകള്‍ രംഗത്തുവന്നത്. ഇതില്‍ നാലുവര്‍ഷംമുമ്പ് പണം നല്കിയവര്മുതല് ഏതാനും മാസങ്ങള്‍ക്കുമുമ്പ് നല്കിയവര്വരെയുണ്ട്. സ്ഥാപനത്തിന്റെ തിരുവനന്തപുരം, ബംഗളൂരു, കോട്ടയ്ക്കല്‍ ബ്രാഞ്ചുകളില്‍ പണം നല്കിയവര് ഇനിയും പരാതി നല്‍കിയിട്ടില്ലെന്നും ജോലിവാഗ്ദാനത്തില്‍ കുടുങ്ങിയവരേക്കാള് കൂടുതല്‍ ആളുകള്‍ വിദേശത്തു പഠനത്തിനായി പണം നല്‍കിയിട്ടുണ്ടെന്നും ഇന്നലെ പരാതി നല്കാന് എത്തിയവര്‍ പറഞ്ഞു. ഉടമകള്ക്കുപുറമേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരേയും ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ അരിസ്റ്റോ റോഡിലെ ഫെഡറല്‍ റെസിഡന്‍സിയിലെ താമസക്കാരനും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ആര്. സുഭാഷ് (റിജോ) എന്നയാള്‍ക്കെതിരേയും പങ്കാളികളായ പത്തനംതിട്ട സ്വദേശി ശ്രീജിത്ത്, കോട്ടയം സ്വദേശികളായ മുഹമ്മദ് ഇജാസ്, രാഹുല്‍ രാജേന്ദ്രന് എന്നിവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരില്‍നിന്നും ബാങ്ക് വഴിയാണു സ്ഥാപനം പണം കൈപ്പറ്റിയിട്ടുള്ളത്. ഇതിന്റെ രേഖകള്‍ കൈമാറാന്‍ തയാറാണെന്നും പരാതിക്കാര്‍ പറഞ്ഞു.
പ്രതിദിനം മൂന്നു പരാതിക്കാരെ തെളിവെടുപ്പിനു വിളിക്കുമെന്നാണു പോലീസ് അറിയിച്ചിരിക്കുന്നതെന്നും ഈ നിലയ്ക്ക് അന്വേഷണം പോയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും എഫ്ഐആര്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ഇതുവരെ ഒരാളുടെ പേരില്‍മാത്രമാണ് പോലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളതെന്നും തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.