സംസ്ഥാനത്ത് 1,793 കാട്ടാനകൾ; കണക്കു പുറത്തുവിട്ട് വനംവകുപ്പ്
Wednesday, July 17, 2024 1:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വന്യജീവികേന്ദ്രങ്ങളിലായി 1,793 കാട്ടാനകളാണുള്ളതെന്ന് വനംവകുപ്പ്.
2023 ലെടുത്ത കണക്കെടുപ്പ് പ്രകാരം 1,920 കാട്ടാനകളുണ്ടായിരുന്നെന്നും ഇത്തവണ 127 എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഏറ്റവുമധികം ആനകളെ കണ്ടെത്തിയത് പെരിയാർ മേഖലയിലാണ്. 811 ആനകളാണ് ഈ മേഖലയിൽ ഉള്ളതായി കണക്കാക്കിയിട്ടുള്ളത്.
ആനമുടി-196, വയനാട്-249, നിലന്പൂർ-171 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ കണ്ടെത്തിയ ആനകളുടെ എണ്ണം.
സംസ്ഥാനത്തെ വനമേഖലയിൽ ആനകളുള്ളതായി കണ്ടെത്തിയ 3499.52 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ നാലു മുതൽ 7.09 ചതുരശ്ര കിലോമീറ്റർ വരെയുള്ള 608 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുത്തത്. ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ആനകളെ കാണാനിടയുള്ള വാട്ടർഹോൾ- അരുവികൾ കേന്ദ്രീകരിച്ചുള്ള ഓപ്പണ്‍ ഏരിയ കൗണ്ട് എന്നീ രീതിയിലായിരുന്നു സെൻസസ് നടത്തിയത്.
ബ്ലോക്ക് കൗണ്ടിൽ ഒറ്റയാൻ ഉൾപ്പെടെ 384 ഗ്രൂപ്പുകളിലായി 1073 ആനകളെയാണ് നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയത്. ബാക്കിയുള്ളവ ഡംഗ് കൗണ്ട്, ഓപ്പണ്‍ ഏരിയ കൗണ്ട് രീതികളിലൂടെ കണ്ടെത്തുകയായിരുന്നു.
നേരിട്ടെണ്ണിയതിൽ 81 എണ്ണത്തിനെ തരംതിരിക്കാനായിട്ടില്ല. ബാക്കിയുള്ള 992 ആനകളിൽ മുതിർന്ന ആനകൾ 61 ശതമാനവും അതിൽ താഴെയുള്ളവ 18 ശതമാനവും കുട്ടിയാനകൾ 20 ശതമാനവുമുണ്ട്.