മുൻ അത്ലറ്റ് ടിയാനയ്ക്ക് സ്പോർട്സ് ഓർഗനൈസറായി നിയമനം
Thursday, July 18, 2024 1:55 AM IST
തിരുവനന്തപുരം: സാഫ് ഗെയിംസ് മെഡൽ ജേതാവും ഏഷ്യൻ, കോമണ്‍വെൽത്ത് ഗെയിംസുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അത്ലറ്റ് ടിയാന മേരി തോമസിന് കായികവകുപ്പിനു കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷനിൽ ജൂനിയർ സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കായികനേട്ടങ്ങൾ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം.
ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷാ നടപടികൾക്ക് വിധേയരാകുന്ന കായികതാരങ്ങൾ ഒരു ഘട്ടത്തിലും സ്പോട്സ് ക്വാട്ട നിയനത്തിന് അർഹരല്ലെന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്ന് പൊതു ഭരണ വകുപ്പിന് മന്ത്രിസഭ നിർദ്ദേശം നൽകുകയും ചെയ്തു.