ഉമ്മൻ ചാണ്ടിയുടെ മെഴുകുപ്രതിമ അനാച്ഛാദനം ചെയ്തു
Thursday, July 18, 2024 1:55 AM IST
തിരുവനന്തപുരം: ചുളിവു വീഴാത്ത ഖദർ ഷർട്ടും മുണ്ടുമണിഞ്ഞ്, നിറഞ്ഞ പുഞ്ചിരിയോടെ തന്റെയരികിൽ നിൽക്കുന്ന പ്രിയപ്പെട്ടവന്റെ മെഴുകു രൂപം കണ്ടപ്പോൾ മറിയാമ്മയുടെ കണ്ണുകൾ വിതുന്പി.
ഒരു വർഷമായി ഉമ്മൻ ചാണ്ടി തന്റെ ഹൃദയത്തിൽ മാത്രമാണ്, ഇടറിയ വാക്കുകളായി അവർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവസുറ്റ ആ പ്രതിമയിൽനിന്നു കണ്ണെടുക്കാതെ അവർ ഏറെനേരം നോക്കിനിന്നു. പതിയെ ആ കവിളുകളിൽ തൊട്ടു. മുഖത്തെ ചെറിയ ചുളിവുകൾക്കു പോലും അതേ പൂർണതയും ചാരുതയും.
ആ തുളുന്പുന്ന കണ്ണുകളിലേക്കു നോക്കിയപ്പോൾ മറിയാമ്മയുടെ മുനസിൽ ഓർമകൾ തിരതല്ലി. എന്നും തിരക്കിട്ടു പോകുന്പോൾ ചീകിയൊതുക്കാത്ത മുടി പ്രതിമയിലും അതുപോലെ തന്നെ.
തന്റെ പിതാവിനെ നേരിൽ കണ്ടതുപോലെയെന്ന് മറിയ ഉമ്മൻ പറഞ്ഞു. പിതാവിന്റെ വാത്സല്യമോർത്തപ്പോൾ അവർക്കും ദുഃഖമടക്കാനായില്ല. പ്രശസ്ത മെഴുകുപ്രതിമാ ശില്പിയും സുനിൽ വാക്സ് മ്യൂസിയം മാനേജിംഗ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശില്പം നിർമിച്ചത്.
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ തന്നെ അളവെടുത്ത് പ്രതിമ നിർമിക്കാനുദ്ദേശിച്ചിരുന്നു. പ്രതിമയ്ക്ക് അദ്ദേഹം അണിഞ്ഞിരുന്നു വസ്ത്രം തന്നെയാണ് അണിയിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട വാക്സ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മറിയാമ്മ ഉമ്മൻ ചാണ്ടി പ്രതിമ അനാച്ഛാദനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ, സൂര്യാ കൃഷ്ണമൂർത്തി, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.