മരണത്തിൽനിന്നു നീന്തിക്കയറി ചന്ദ്രമതിയമ്മ @79
Thursday, July 18, 2024 1:55 AM IST
ഒറ്റപ്പാലം: മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടലിൽനിന്നു ചന്ദ്രമതിയമ്മ ഇനിയും മോചിതയായിട്ടില്ല. “എന്റെ രണ്ടാം ജന്മമാണിത്... ദൈവം കാത്തു...”- വിറയാർന്ന ശബ്ദത്തിൽ ആ എഴുപത്തൊമ്പതുകാരി കൂപ്പുകൈയോടെ പറഞ്ഞു.
കുളിക്കാൻ തോട്ടിലിറങ്ങി ഒഴുക്കിൽപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് മനക്കരുത്ത് ഒന്നുകൊണ്ടുമാത്രം രക്ഷപ്പെട്ട ഇവർ തോട്ടിലെ മരക്കൊമ്പിൽ പിടിച്ചുനിന്നതു 10 മണിക്കൂറാണ്.
ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശി ചന്ദ്രമതിയമ്മയാണ് ഇപ്പോൾ നാട്ടിലെ താരം. ഇവരെ കാണാനെത്തുന്നവരും ധാരാളം. ചൊവ്വാഴ്ച രാവിലെ ആറിനാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ രക്ഷപ്പെടുത്തിയതു വൈകുന്നേരം നാലുമണിയോടെയും.
കർക്കടകമാസാരംഭമായതിനാൽ മുങ്ങിക്കുളിക്കാൻവേണ്ടിയാണു ചന്ദ്രമതി വീടിനുസമീപത്തെ തോട്ടിലേക്കു പോയത്. നായയെ ഓടിക്കാൻ കുനിഞ്ഞു കല്ലെടുത്തപ്പോൾ, നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് അബദ്ധത്തിൽ വഴുതിവീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
നീന്താനറിയാമായിരുന്ന ചന്ദ്രമതിയമ്മ കുറച്ചുദൂരം ഒഴുകിയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് തോട്ടിലേക്കു ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പിൽ പിടിച്ചു. ഒപ്പം അടിയിൽ ചവിട്ടിനിൽക്കാനുമായി. പക്ഷേ, തനിച്ച് കരയിലേക്കെത്താൻ കഴിയാത്തവിധം തോട്ടിൽ വെള്ളം ഉയർന്നിരുന്നു.
ഈ സമയം ബന്ധുക്കളും നാട്ടുകാരും ചന്ദ്രമതിയമ്മയെ തെരയുകയായിരുന്നു. തോട്ടിലേക്കാണു പോയതെന്നു ബന്ധുക്കൾ അറിഞ്ഞിരുന്നുമില്ല. വൈകുന്നേരം 3.45 നാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തിയത്. ആ സമയം തോട് കരകവിഞ്ഞിരുന്നു. നാലുമണിയോടെ കയറുകെട്ടി നാട്ടുകാർ തോട്ടിലിറങ്ങി ഇവരെ കരയ്ക്കെത്തിച്ചു.
നീന്തലറിയാവുന്നതുകൊണ്ടു മാത്രമാണു രക്ഷപ്പെടാനായതെന്നും അല്ലെങ്കിൽ താൻ ഇന്നുണ്ടാകുമായിരുന്നില്ലെന്നും ഇവർ പറയുന്നു. പുതുതലമുറയോടു ചന്ദ്രമതിയമ്മയ്ക്കു പറയാനുള്ളതും അതാണ്... “എല്ലാവരും നീന്തൽ പഠിക്കണം.”