മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ ഏജന്റുമാർക്കും ഡ്രൈവിംഗ് സ്കൂളുകാർക്കും‘പ്രവേശനമില്ല’
Thursday, July 18, 2024 3:25 AM IST
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ ഏജന്റുമാർക്കും ഡ്രൈവിംഗ് സ്കൂളുകാർക്കും വിലക്ക്. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സെക്ഷനുകളിൽ ഇവരെ പ്രവേശിപ്പിക്കരുതെന്നാണു മന്ത്രിയുടെ നിർദേശം.
സി-ഡിറ്റ് സ്റ്റാഫുകളെയും ഉദ്യോഗസ്ഥരുടെ സീറ്റിന്റെ സമീപത്ത് ഇരുത്തുവാനോ ഓഫീസ് ജോലികളിൽ ഇടപെടാൻ അനുവദിക്കാനോ പാടില്ല. കൃത്യമായി ജോലി ചെയ്യാത്ത സി-ഡിറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
വകുപ്പിലെ ക്രമക്കേട് കണ്ടെത്തിയാൽ ജീവനകാർക്കു പരാതികൾ എഴുതി കവറിലാക്കി പേഴ്സൺ/കോൺഫിഡൻഷ്യൽ എന്ന് രേഖപ്പെടുത്തി ഗതാഗത മന്ത്രിയുടെ സെക്രട്ടറിക്ക് അയച്ചുകൊടുക്കാവുന്നതാണെന്നും മന്ത്രിയുടെ നിർദേശങ്ങളിൽ പറയുന്നു.
അപകടകരമായി വാഹനം ഓടിക്കുന്ന വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈകൊള്ളണമെന്നും ഇവരെ ഡ്രൈവർ ട്രെയിനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചുദിവസത്തെ പരിശീലനത്തിന് വിടണമെന്നും പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് തിരികെ നല്കണമെന്നും ഉത്തരവിൽ പറയുന്നു.