വിജിലൻസ് കേസുകളിൽ പഴുതുകൾ? ;രക്ഷപ്പെടുന്ന റവന്യു ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു
Thursday, July 18, 2024 3:25 AM IST
ബിനു ജോർജ്,/b>
കോഴിക്കോട്: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെന്ന സർക്കാരിന്റെ അവകാശവാദം അറസ്റ്റിലും അന്വേഷണത്തിലും മാത്രം ഒതുങ്ങുന്നുവോ? റവന്യുവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് വിഭാഗം രജിസ്റ്റർ ചെയ്ത കേസുകളിൽ പിന്നീട് എന്തു സംഭവിച്ചുവെന്നറിഞ്ഞാൽ ഈ സംശയം ബലപ്പെടും.
കഴിഞ്ഞ മൂന്നര വർഷത്തിടെ വിജിലൻസ് കേസുകളിൽ കുറ്റവിമുക്തരാക്കപ്പെട്ട റവന്യു ഉദ്യോഗസ്ഥരുടെ എണ്ണം ശിക്ഷിക്കപ്പെട്ടവരുടെ ഇരട്ടിയിലധികമാണ്. കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥർവരെ തെളിവുകളുടെ അഭാവം എന്ന പേരിൽ കുറ്റവിമുക്തരാക്കപ്പെട്ടു.
2011 മുതലുള്ള 73 കേസുകളിൽ ശിക്ഷിക്കപ്പെട്ട റവന്യു ഉദ്യോഗസ്ഥർ 18 പേർ മാത്രമാണ്. 55 ഉദ്യോഗസ്ഥർ കുറ്റവിമുക്തരാക്കപ്പെട്ടു.
ഇടുക്കിയിലെ 40 ഉദ്യോഗസ്ഥർക്കെതിരേയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടത് മൂന്നു പേർ മാത്രം. കൈക്കൂലി വീരൻമാരായ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടുന്നത് ഗസറ്റഡ് റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. സാധാരണ സാക്ഷികൾ സമ്മർദത്തിനും പ്രലോഭനത്തിലും വഴിപ്പെട്ടു കൂറുമാറുന്നതു തടയാനാണു ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സാക്ഷികളാക്കി വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ കൂറുമാറിയാൽ അത് അവരുടെ ജോലിയെ ബാധിക്കുകയും ചെയ്യും. എന്നിട്ടും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷികളായിട്ടുള്ള കൈക്കൂലി കേസുകളിലെ പ്രതികൾ വരെ കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്.
കൈക്കൂലിക്കു പുറമേ ഔദ്യോഗികപദവി ദുരുപയോഗം, അനധികൃത സ്വത്ത് സന്പാദനം, മണൽകടത്തുകാരുമായി ഒത്തുകളിച്ച് സർക്കാർ ഖജനാവിനു നഷ്ടമുണ്ടാക്കൽ, ദുരിതാശ്വാസ നിധി ദുരുപയോഗം, ഭൂമിസംബന്ധമായ രേഖകൾ അനുവദിച്ചതിലെ ക്രമക്കേടുകൾ തുടങ്ങിയവയാണ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കണ്ടെത്തിയ നിയമലംഘനങ്ങൾ.
2021 മുതൽ 144 റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് 105 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 45 എണ്ണം കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ്. ഈ കേസിൽ 56 ഉദ്യോഗസ്ഥരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും കേസിന്റെ വിചാരണ കഴിഞ്ഞിട്ടില്ലാത്തതിനാൽ പലരും ജോലിയിൽ തിരികെയെത്തി.
67 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നു വിജിലൻസ് പറയുന്നു. കേസ് അന്വേഷണവും മറ്റു നടപടികളും വൈകുന്നതിനാൽ കടുത്ത ആരോപണമുയർന്നവർവരെ സർവീസിൽ തിരിച്ചുകയറി പൊതുജനത്തെ സേവിച്ചുകൊണ്ടിരിക്കുകയാണ്.