ശാശ്വതപരിഹാരം കാണണം: കെ. സുധാകരൻ
Thursday, July 18, 2024 3:25 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലെ വന്യജീവി ആക്രമണത്തിനു സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സപ്ത റിസോർട്ടിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്പോഴും പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ വനം വകുപ്പും സർക്കാരും തയാറാകുന്നില്ല. ഈ വർഷം ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് കല്ലൂർ കല്ലുമുക്ക് മാറോട് രാജു.
2023 ജനുവരി മുതലുള്ള കണക്കെടുത്താൽ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. വനം-വന്യജീവി സംഘർഷ നിയന്ത്രണ സമിതി രൂപവത്കരിച്ചെങ്കിലും ജില്ലയിൽ ഇതുവരെ ഒരു യോഗം മാത്രമാണ് ചേർന്നത്.
ജനം പ്രതിഷേധിക്കുന്പോൾ താത്കാലിക ആശ്വാസ വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വനം വാച്ചർമാരാണ് തുരത്തുന്നത്.
വാച്ചർമാരുടെ എണ്ണം കുറവാണ്. ആവശ്യത്തിനു വാച്ചർമാരെ നിയമിക്കാത്തത് ദൗർഭാഗ്യകരമാണ്. സർക്കാർതലത്തിലെ അലംഭാവവും അനാസ്ഥയുമാണ് വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതിനു മുഖ്യ കാരണം.
വനം-വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തണം. അതിന് മുൻകൈയെടുക്കാൻ ഉത്തരവാദപ്പെട്ടവർ തയാറാകണം. സർക്കാർ കാട്ടുന്ന ഉദാസീനത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.