കുട്ടികളുടെ ജീവൻ പണയംവച്ച് വെള്ളക്കെട്ടിലൂടെ സ്കൂൾ വാഹനങ്ങളുടെ സാഹസികയാത്ര
Thursday, July 18, 2024 10:57 PM IST
നാദാപുരം: കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ കോഴിക്കോട്ടെ മലയോര മേഖലകളിൽ വിദ്യാർഥികളുടെ ജീവൻ പണയംവച്ച് സ്കൂൾ വാഹനങ്ങളുടെ സാഹസിക യാത്ര.
രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറുന്നതാണു പുറത്തുവന്ന ദൃശ്യങ്ങൾ. മഴ ശക്തമായിരുന്നിട്ടും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്കുമാത്രമാണ് കളക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചത്.
ഭൂരിഭാഗം സ്കൂളുകൾക്കും അധ്യയനദിനമായിരുന്നതിനാൽ വെള്ളക്കെട്ടിനിടയിലൂടെയാണ് ഇന്നലെ വിദ്യാർഥികൾ നടന്നും വാഹനങ്ങളിലുമൊക്കെയായി സ്കൂളുകളിലെത്തിയത്. നാദാപുരത്ത് സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ച് വെള്ളക്കെട്ടിലൂടെ സാഹസികയാത്ര നടത്തിയ ജീപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കല്ലാച്ചി - ഈയ്യങ്കോട് റോഡിലാണ് പിഞ്ചുകുട്ടികളുടെ ജീവൻ പണയപ്പെടുത്തി വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് നടത്തിയത്. നാദാപുരം സിസി യുപി സ്കൂളിലെ വിദ്യാർഥികളെയും കൊണ്ടായിരുന്നു പേടിപ്പെടുത്തുംവിധം ജീപ്പിന്റെ യാത്ര.
ഏകദേശം ബോണറ്റിനൊപ്പം ഉണ്ടായിരുന്ന വെള്ളക്കെട്ടിലൂടെയാണ് ജീപ്പ് ഓടിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന്റെ മതിലിൽ ഇരുന്നവരാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്.
ജീപ്പിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. സംഭവം വിവാദമായതോടെ കെഎൽ 18 എസ് 7037 നന്പർ ജീപ്പ് കസ്റ്റഡിയിലെടുക്കാൻ റൂറൽ എസ്പി നാദാപുരം ഡിവൈഎസ്പിക്കു നിർദേശം നൽകുകയായിരുന്നു.
എന്നാൽ, വിദ്യാർഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും മറ്റു മാർഗമില്ലാത്തതിനാലാണ് ഇത്തരമൊരു സാഹസികയാത്ര നടത്തേണ്ടിവന്നതെന്നാണ് ഡ്രൈവറുടെ നിലപാട്.
കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതും ആശങ്ക സൃഷ്ടിച്ചു. പാലം മറികടക്കാൻ ശ്രമിക്കവേയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. ബസിൽ 25ലധികം വിദ്യാർഥികൾ ഉണ്ടായിരുന്നു.
കുട്ടികളെ നാട്ടുകാർ ബസിൽനിന്നു രക്ഷപ്പെടുത്തി. എൽകെജി, യുകെജി, എൽപി സ്കൂൾ വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. പാലത്തിന്റെ അപ്പുറത്തായി വലിയ രീതിയിൽ വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടിലൂടെ പോയ ബസ് പാലത്തിലെത്തിയപ്പോൾ നിന്നുപോവുകയായിരുന്നു. ഇതിനുശേഷം പാലത്തിലും വെള്ളം കയറി. നാട്ടുകാർ പെട്ടന്ന് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.