നാട്ടിലെ പല പൊതുപരിപാടികൾക്കും വേദിയായിട്ടുള്ള മേപ്പാടിയിലെ ഈ കമ്യൂണിറ്റി ഹാളിന് ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ്. ഹാൾ നിറയെ മൃതദേഹങ്ങൾ... അവയ്ക്കു കാവലിരിക്കുന്നവർ... അപ്പുറത്ത് മൃതദേഹങ്ങൾ അടക്കാൻ സജ്ജമാക്കിയ പ്രത്യേക പെട്ടികൾ... വിവിധ മതാചാരമനുസരിച്ച് സംസ്കരിക്കാനാവുന്ന വ്യത്യസ്തമായ പെട്ടികൾ!
ഉറ്റവർ നഷ്ടമായവർ ഇടയ്ക്കു വിതുമ്പലോടെ വരുന്നുണ്ട്. ദുരന്തസ്ഥലത്തു കാണാതായവരെ തേടിയാണ് വരവ്. മരിച്ച ബന്ധുക്കളെ തിരിച്ചറിഞ്ഞവർ ഉള്ളു തകർന്നു, തേങ്ങലടക്കാനാവാതെ പുറത്തേക്ക്...!
‘ജോണിയുടെ പെട്ടി ഇങ്ങെടുത്തോ, ആളു വന്നിട്ടുണ്ട് ...’വാളണ്ടിയർ ബാഡ്ജ് ധരിച്ചയാൾ പുറത്തേക്കു വിളിച്ചുപറഞ്ഞു. അല്പം മുൻപ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ചൂരൽമല സ്വദേശിയാണ് 52 വയസുള്ള ജോണി. വെളുത്ത തൊങ്ങൽ കെട്ടിയ കറുത്ത പെട്ടിയിലാക്കി ജോണിയുടെ ശരീരം ആംബുലൻസിലേക്ക്. അപ്പോഴും ആർക്കും തിരിച്ചറിയാനാകാതെ ചിലർ ഇവിടെ ബാക്കി!