പോലീസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനം; വിജിലൻസിന് പരാതി പ്രവാഹം
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ കള്ളക്കടത്തിന്റെയും അഴിമതിയുടെയും ക്രിമിനൽ ബന്ധത്തിന്റെയും രേഖകൾ ഉൾപ്പെടെ വിജിലൻസിലേക്ക് പരാതികളുടെ കുത്തൊഴുക്ക്.
പി.വി. അൻവർ എംഎൽഎ എഡിജിപി എം.ആർ. അജിത്കുമാറിനും മുൻ എസ്പി സുജിത് ദാസിനും എതിരേ ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള നിരവധി പരാതികൾ വിജിലൻസിനു ലഭിക്കുന്നത്.
സസ്പെൻഷനിലുള്ള എസ്പി സുജിത്ദാസിനെതിരേയാണ് പരാതികളിലേറെയും. ഒരു ഡിഐജിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടും വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇ-മെയിലായും തപാൽ വഴിയും പരാതികൾ നിരവധി വരുന്നുണ്ട്.
മലപ്പുറം എസ്പി ഓഫീസ് വളപ്പിലെ മരംമുറി വിവാദത്തിന് പിന്നാലെ നടന്ന പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളാണ് പല പരാതികൾക്കും അടിസ്ഥാനം.
എഡിജിപി എം.ആർ. അജിത്കുമാർ അനധികൃതമായി സ്വത്ത് സന്പാദിച്ചു, തലസ്ഥാനത്ത് ബഹുനില മന്ദിരം പണിയുന്നത് തുടങ്ങിയവ അന്വേഷിക്കണമെന്ന പരാതി വിജിലൻസിന് ലഭിച്ചു.
സുജിത് ദാസിനെതിരായ പരാതിയിൽ വസ്തുതാ പരിശോധന നടത്താൻ വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റ് എസ്പി ജോണ്കുട്ടിക്ക് കൈമാറിയിട്ടുണ്ട്.
മറ്റു പരാതികളും പ്രാഥമിക പരിശോധനയ്ക്കായി വിവിധ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും നിർദേശം നൽകിയിട്ടുമുണ്ട്.
താനൂർ കസ്റ്റഡി കൊലപാതകം ഉൾപ്പെടെയുള്ളവയിൽ ആരോപണ വിധേയനായ സുജിത്ദാസിനെ സംരക്ഷിക്കാൻ ഒരു വനിതാ ഡിഐജി ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിൽ അരോപിച്ചിരിക്കുന്നത്. ഈ കേസിൽ സിബിഐ സുജിത് ദാസിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.